ചിപ്സ്, ശർക്കര വരട്ടി എന്നിവയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
ഓണക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഏത്തക്ക ചിപ്സ്, ശർക്കരവരട്ടി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വകുപ്പിന്റെ നേതൃത്വത്തിൽ 59 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
രണ്ട് ചൈൽഡ് ഹോമുകളിലും ഒരു വൃദ്ധസദനത്തിലും പരിശോധന നടത്തി. നാല് സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗിനുള്ള നോട്ടീസ് നൽകി. എട്ട് സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും അഞ്ച് സർവേയലൻസ് സാമ്പിളുകളും ശേഖരിച്ച് വിശദമായ ലാബ് പരിശോധനയ്ക്കായി അയച്ചു.
എട്ട് സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസും മൂന്ന് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നൽകി. ഒരു കേസിൽ അഡ്‌ജുഡിക്കേഷൻ നടപടിക്ക് ശുപാർശയും ചെയ്തു.
ഏത്തക്ക ചിപ്സ്, ശർക്കരവരട്ടി തുടങ്ങിയവയിൽ കണ്ടെത്തുന്ന പ്രധാന നിയമലംഘനം നിരോധിത കൃത്രിമ നിറങ്ങൾ ചേർക്കുന്നതാണ്. ഇത്തരം ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലാത്ത ഭക്ഷണം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. നിയമലംഘനങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വരെ പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കാമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
ഗുണനിലവാരം കുറഞ്ഞതും കൃത്രിമ നിറങ്ങൾ ചേർത്തതുമായ ഭക്ഷ്യവസ്തുക്കളുടെ വിപണനം വ്യാപാരികൾ പൂർണമായും ഒഴിവാക്കണം. ചിപ്സ് വാങ്ങുമ്പോൾ അമിതമായ മഞ്ഞനിറം കാണുന്നുണ്ടോ എന്ന് ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും വകുപ്പ് നിർദേശിച്ചു. സാധാരണയിലധികം മഞ്ഞനിറമുള്ള ചിപ്സിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുന്നത് ഒഴിവാക്കണം.
ചിപ്സ് വാങ്ങുമ്പോൾ കൃത്രിമ നിറം ചേർത്തിട്ടുണ്ടോ എന്ന് വ്യാപാരികളോട് ചോദിച്ചറിയുന്നത് ഉപഭോക്താക്കൾ ശീലമാക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ചു. കൃത്രിമ നിറം ചേർത്ത ഉൽപ്പന്നങ്ങൾ വാങ്ങില്ലെന്ന് ഉപഭോക്താക്കൾ നിലപാട് സ്വീകരിച്ചാൽ ഇത്തരം പ്രവണതകൾക്ക് മാറ്റം വരുത്താൻ സാധിക്കും.





