വന്യജീവി സംരക്ഷണ ഭേദഗതി ബിൽ തള്ളിയത് മുൻ സർക്കാരിന്റെ തിരഞ്ഞെടുപ്പ് തട്ടിപ്പെന്ന് വനംമന്ത്രി
തേക്കടി: കേരളത്തിന്റെ വന്യജീവി സംരക്ഷണ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ തള്ളിയതിന് കാരണം കഴിഞ്ഞ സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ തട്ടിപ്പാണെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. തേക്കടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തെ നിയമങ്ങൾ കൃത്യമായി മനസിലാക്കാതെയാണ് മുൻ സർക്കാർ ഇത്തരം നടപടികളിലേക്ക് കടന്നതെന്ന് മന്ത്രി ആരോപിച്ചു. വിഷയത്തിൽ കേന്ദ്ര വനംമന്ത്രിയുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്. നിയമവകുപ്പുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇ.എസ്.എയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ സംസ്ഥാനത്തിന്റെ ആശങ്കകൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കും. കരട് വിജ്ഞാപനത്തിൽ ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവ ഒഴിവാക്കുന്നതിനുള്ള പരിശോധനകൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, പെരിയാർ കടുവാസങ്കേതത്തിൽ വനംവകുപ്പിന്റെ അനുമതിയില്ലാതെ പെരിയകുളം എം.എൽ.എയുടെ നേതൃത്വത്തിൽ തമിഴ്നാട് സംഘം ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തെ മന്ത്രി നിസാരവത്കരിച്ചു.
മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഗൂഗിളിലൂടെ പോലും ലഭിക്കുന്ന കാലത്ത് തമിഴ്നാടിന്റെ പാട്ടഭൂമിയിൽ നിന്ന് ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തിയത് വലിയ കാര്യമായി കാണേണ്ടതില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.





