അപകടകരമായ മരങ്ങൾ നീക്കാത്തതിൽ പ്രതിഷേധം; പഞ്ചായത്ത് ഓഫീസിന് മുന്നിൽ വീട്ടമ്മയുടെ ധർണ
അയ്യപ്പൻകോവിൽ പഞ്ചായത്തിൽ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കാൻ നൽകിയ അപേക്ഷയിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വീട്ടമ്മയും മകളും പഞ്ചായത്ത് ഓഫീസിൽ ധർണ നടത്തി.
മാട്ടുകട്ട വില്ലേജ് പടിക്കൽ പന്തപാട്ട് വീട്ടിൽ മറിയാമ്മ കോശിയും മകൾ കൊച്ചുമോളുമാണ് പ്രതിഷേധിച്ചത്. മറിയാമ്മ താമസിക്കുന്ന ഷെഡിനോട് ചേർന്നുള്ള അയൽവാസിയുടെ പറമ്പിലെ അഞ്ചോളം റബ്ബർ മരങ്ങളും മുള്ളുമുരിക്കുകളും ഏത് സമയത്തും കടപുഴകി വീഴാവുന്ന നിലയിലാണ്. മരങ്ങളുടെ അടിവേരുകൾ ഇളകിയ നിലയിലും പിന്നിലെ മൺതിട്ട ഇടിഞ്ഞ നിലയിലുമാണെന്ന് മറിയാമ്മ പറയുന്നു.
അപകടകരമായ മരങ്ങൾ മുറിച്ചുനീക്കുകയോ ചില്ലകൾ മുറിച്ച് അപകടസാധ്യത ഒഴിവാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് അയ്യപ്പൻകോവിൽ പഞ്ചായത്തിൽ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് ജില്ലാ കളക്ടർക്കും പരാതി നൽകി. പരാതി പരിഗണിച്ച കളക്ടർ ഏഴ് ദിവസത്തിനകം നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ലെന്നാണ് പരാതി.
ഇതോടെയാണ് മറിയാമ്മയും മകളും പഞ്ചായത്ത് ഓഫീസിനുള്ളിൽ ധർണ നടത്തിയത്. പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവർ പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും ആദ്യം ഇവർ സമരം അവസാനിപ്പിക്കാൻ തയ്യാറായില്ല.
തുടർന്ന് വ്യാഴാഴ്ച ഇരുകക്ഷികളെയും പഞ്ചായത്തിലേക്ക് വിളിച്ചുവരുത്തി. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഭവനരഹിത-ഭൂരഹിത പദ്ധതിയിൽ ഉൾപ്പെടുത്തി വീടും സ്ഥലവും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ഉറപ്പ് നൽകി. ഇതോടെയാണ് മറിയാമ്മയും മകളും സമരം അവസാനിപ്പിച്ചത്.





