തേനി–എരുമേലി റെയിൽപാത പരിഗണനയിൽ; ഇടുക്കിക്ക് പ്രതീക്ഷ
തമിഴ്നാട്ടിലെ തേനിയെയും ശബരിമലയെയും ബന്ധിപ്പിച്ച് എരുമേലി വരെ റെയിൽപാത ഒരുക്കാനുള്ള സാധ്യത പരിഗണിക്കുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ വ്യക്തമാക്കിയതോടെ ഇടുക്കിക്ക് പ്രതീക്ഷ. തേനി എം.പി. തങ്കതമിഴ് ശെൽവന്റെയും പി. ഗണപതി രാജ്കുമാറിന്റെയും ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വർഷം തേനി–എരുമേലി റെയിൽപാതയുടെ സർവേ നടപടികൾ ആരംഭിച്ചിരുന്നു. ഏകദേശം 95 കിലോമീറ്റർ ദൈർഘ്യമുള്ള ബ്രോഡ്‌ഗേജ് പാതയ്ക്കായി ടെൻഡർ നടപടികളും ആരംഭിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും ധനകാര്യ മന്ത്രാലയത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. പശ്ചിമഘട്ട മലനിരകളിലൂടെ കടന്നുപോകുന്നതിനാൽ പരിസ്ഥിതി അനുമതിയാണ് പ്രധാന കടമ്പ.
ശബരിമല തീർത്ഥാടകർക്ക് വലിയ നേട്ടം
പാത യാഥാർഥ്യമായാൽ ശബരിമല തീർത്ഥാടകർക്ക് വലിയ ആശ്വാസമാകും. നിലവിൽ തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് തീർത്ഥാടകർ പ്രധാനമായും റോഡ് മാർഗമാണ് ശബരിമലയിലെത്തുന്നത്. റെയിൽ കണക്ടിവിറ്റി ലഭിക്കുന്നതോടെ കുറഞ്ഞ ചെലവിൽ കൂടുതൽ സൗകര്യപ്രദമായ യാത്ര സാധ്യമാകും.
മധുര മീനാക്ഷി ക്ഷേത്രം, പളനി ക്ഷേത്രം, വേളാങ്കണ്ണി പള്ളി, നാഗൂർ പള്ളി തുടങ്ങിയ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കും പാത പ്രയോജനപ്പെടും.
വ്യാപാര-വിനോദസഞ്ചാര മേഖലകൾക്ക് കുതിപ്പ്
തേനി–എരുമേലി റെയിൽപാത യാഥാർഥ്യമായാൽ ഇടുക്കിയുടെ വ്യാപാര, വിനോദസഞ്ചാര മേഖലകൾക്കും വലിയ നേട്ടമുണ്ടാകും. തേക്കടി, വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട്, രാമക്കൽമേട്, മൂന്നാർ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും.
ഇടുക്കിയിലെ മലഞ്ചരക്ക് ഉൽപ്പന്നങ്ങൾ തമിഴ്നാട്ടിലെ വിപണികളിലെത്തിക്കുന്നതിനും തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറികൾ കുറഞ്ഞ ചെലവിൽ കേരളത്തിലേക്ക് എത്തിക്കുന്നതിനും റെയിൽപാത സഹായകമാകും. തിരുപ്പൂർ, ഈറോഡ് മേഖലകളിൽനിന്ന് പീരുമേട്, മൂന്നാർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ജോലിക്കായി എത്തുന്ന തൊഴിലാളികൾക്കും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ സാധിക്കും.
മുമ്പ് ഡിണ്ടിഗൽ–കുമളി റെയിൽപാതയ്ക്കും ഡിണ്ടിഗൽ–ലോവർക്യാമ്പ് പാതയ്ക്കുമായി സർവേ നടപടികൾ നടന്നിരുന്നു. 2012ൽ ഡിണ്ടിഗൽ–ലോവർക്യാമ്പ് റെയിൽപാതയുടെ സർവേയും പുരോഗതിയും നടന്നെങ്കിലും പിന്നീട് തേനി–ബോഡിനായ്ക്കന്നൂർ റെയിൽപാതയാണ് യാഥാർഥ്യമായത്. പുതിയ നീക്കം യാഥാർഥ്യമായാൽ ശബരിമല തീർത്ഥാടനത്തിനൊപ്പം ഇടുക്കിയുടെ സമഗ്ര വികസനത്തിനും വഴിതുറക്കുമെന്നാണ് പ്രതീക്ഷ.





