മലയോര ഹൈവേയിൽ അപകടഭീഷണി: വെള്ളിലാംകണ്ടം കുഴൽപ്പാലത്തിൽ ഭീതിവിതച്ച് വലിയ വിള്ളൽ.
ഇടുക്കി ബ്യൂറോ.
കട്ടപ്പന: മലയോര മേഖലയുടെ വികസനക്കുതിപ്പിന് വഴിതുറന്ന കട്ടപ്പന - കുട്ടിക്കാനം റോഡിൽ വെള്ളിലാംകണ്ടം കുഴൽപ്പാലത്തിന് (മൺപാലം) മുകളിൽ രൂപപ്പെട്ട വലിയ വിള്ളൽ യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ഭീതിയിലാഴ്ത്തുന്നു. 'റീബിൽഡ് കേരള' പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച ഈ റോഡിന് ഇതിനോടകം തന്നെ വൻ ജനപ്രീതിയാണ് ലഭിച്ചിരുന്നത്. എന്നാൽ, നാടിന്റെ യാത്രാദുരിതത്തിന് വലിയ ആശ്വാസമായ ഹൈവേയിലാണ് ഇപ്പോൾ സുരക്ഷാഭീഷണി ഉയർന്നിരിക്കുന്നത്.
ദിവസം ചെല്ലുന്തോറും വിള്ളലിന്റെ വീതി
വർധിച്ചുവരുന്നത് വൻ അപകടസാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. റോഡിന്റെ നിർമ്മാണത്തിൽ സംഭവിച്ച പിഴവുകളേക്കാൾ, മൺപാലത്തിനായി ഉപയോഗിച്ച മണ്ണ് സ്വാഭാവികമായി താഴേക്ക് ഇടിഞ്ഞതാകാം വിള്ളലിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അല്ലെങ്കിൽ കനത്ത മഴയെത്തുടർന്ന് റോഡിന് അടിയിലുണ്ടായ ഭൗമചലനങ്ങളോ മണ്ണിന്റെ ഘടനയിലുണ്ടായ മാറ്റങ്ങളോ ആകാം ഈ തകർച്ചയ്ക്ക് പിന്നിലെന്നും കരുതപ്പെടുന്നു.
എന്നാൽ റോഡിന്റെ അടിത്തറയിൽ പ്രകടനപരമായ വ്യതിയാനങ്ങൾ സംഭവിച്ചിട്ടും അടിയന്തര ശാസ്ത്രീയ പരിശോധന നടത്താൻ അധികൃതർ തയ്യാറായിട്ടില്ല. ആദ്യം ചെറിയ വിള്ളൽ കണ്ടപ്പോൾ അതിലേക്ക് ടാർ ഉരുക്കിയൊഴിച്ച് മറയ്ക്കുക മാത്രമാണ് ചെയ്തത്. അടിത്തറ ഇളകിയ ഭാഗത്ത് ഉപരിതലത്തിൽ മാത്രം അറ്റകുറ്റപ്പണി നടത്തുന്നത് കണ്ണിൽ പൊടിയിടലാണെന്നും അത് വലിയ അപകടത്തിന് വഴിവെക്കുമെന്നും നാട്ടുകാർ ആരോപിക്കുന്നു.
നിലവിൽ വിള്ളലിന്റെ വ്യാപ്തി ഓരോ ദിവസവും കൂടിച്ചെല്ലുകയാണ്. ദിനംപ്രതി നൂറുകണക്കിന് ഭാരവാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വശങ്ങളോട് ചേർന്ന് ഭാരവാഹനങ്ങൾ പോകുമ്പോൾ പാലത്തിന്റെ വശങ്ങൾ ഇടിഞ്ഞുതാഴാനോ റോഡ് പൂർണ്ണമായി പിളർന്നുമാറാനോ സാധ്യതയേറെയാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളിലും കനത്ത മഞ്ഞുള്ള സമയങ്ങളിലും ഈ വഴിയിലൂടെയുള്ള യാത്ര അതീവ അപകടകരമായി മാറിക്കഴിഞ്ഞു.
അടിയന്തരമായി പൊതുമരാമത്ത്-കെ.ആർ.എഫ്.ബി (KRFB) അധികൃതരും വിദഗ്ധ സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് ആവശ്യം ശക്തമാകുന്നത്. റോഡിന്റെ അടിത്തറ ബലപ്പെടുത്തി വിള്ളലുകൾ പൂർണ്ണമായി പരിഹരിച്ചില്ലെങ്കിൽ വലിയൊരു ദുരന്തത്തിനാവും മലയോര പാത സാക്ഷ്യം വഹിക്കേണ്ടി വരിക.





