അമരാവതിയിൽ റോഡരികിൽ കൂറ്റൻ പൈപ്പുകൾ; കാൽനട യാത്രക്കാർക്ക് ഭീഷണിയാകുന്നു
കുമളി: അമരാവതി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം റോഡരികിൽ കൂറ്റൻ പൈപ്പുകൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത് വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു.
അമരാവതി ജലശുദ്ധീകരണ പ്ലാന്റിൽ നിന്ന് അമ്മാവാസിമേട് ജലവിതരണ ടാങ്കിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി എത്തിച്ച പൈപ്പുകളാണ് കുമളി ഒന്നാംമൈലിൽ അപകടകരമായ രീതിയിൽ നിക്ഷേപിച്ചിരിക്കുന്നത്. പൈപ്പുകൾ ഇവിടെ ഇറക്കിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും നീക്കം ചെയ്യാനോ സുരക്ഷിതമായി ക്രമീകരിക്കാനോ നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതി.
നൂറുകണക്കിന് വിദ്യാർഥികൾ ഉൾപ്പെടെ ദിവസവും നിരവധി പേർ സഞ്ചരിക്കുന്ന പ്രധാന റോഡരികിലാണ് യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. റോഡിന്റെ വശങ്ങൾ പൂർണമായും പൈപ്പുകൾ കൈയടക്കിയതോടെ കാൽനടയാത്രക്കാർക്ക് റോഡിലൂടെയാണ് സഞ്ചരിക്കേണ്ടിവരുന്നത്.
തിരക്കേറിയ റോഡിൽ പൈപ്പുകൾ അപകടകരമായ രീതിയിൽ കൂട്ടിയിട്ടിരിക്കുന്നത് വാഹനാപകടത്തിനും കാൽനടയാത്രക്കാർക്ക് അപകടങ്ങൾക്കും ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്. കരാറുകാരന്റെ അനാസ്ഥക്കെതിരെ നടപടി സ്വീകരിച്ച് പൈപ്പുകൾ അടിയന്തരമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.





