ഇടുക്കിയെ നടുക്കി വീണ്ടും അരുംകൊല; മൈലാടുംപാറയിൽ അമ്മയെ മകൻ കൊലപ്പെടുത്തി

ഇടുക്കിയെ നടുക്കി വീണ്ടും അരുംകൊല; മൈലാടുംപാറയിൽ അമ്മയെ മകൻ കൊലപ്പെടുത്തി

തൊടുപുഴ: നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പേ ഇടുക്കിയിൽ വീണ്ടും അരുംകൊല. തൊടുപുഴ മൈലാടുംപാറയിൽ അമ്മയെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൈലാടുംപാറ സ്വദേശിനി റെയ്ച്ചൽ ജോസഫാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഏക മകൻ ലിജോ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാവിലെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിന്റെ പിൻഭാഗത്താണ് റെയ്ച്ചലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന തടിക്കഷണം സമീപത്തുനിന്ന് കണ്ടെത്തി. വീട്ടിൽ റെയ്ച്ചൽ തയ്യാറാക്കിയ ഭക്ഷണവും പാത്രങ്ങളും ചിതറിക്കിടന്നിരുന്നു.

Slide 1
Slide 2
Slide 3
Slide 4

കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ലിജോയെ പൊലീസ് പിടികൂടുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ലിജോ ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും അമ്മയെ ഇയാൾ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

എറണാകുളത്ത് ഹോംനഴ്സായി ജോലി ചെയ്തിരുന്ന റെയ്ച്ചൽ ഇടയ്ക്കിടെ മൈലാടുംപാറയിലെ വീട്ടിലെത്തി മകനാവശ്യമായ ഭക്ഷണസാധനങ്ങളും മറ്റും വാങ്ങിനൽകിയിരുന്നു. മകനോടുള്ള വാത്സല്യം മൂലമാണ് ബുദ്ധിമുട്ടുകൾക്കിടയിലും റെയ്ച്ചൽ വീട്ടിലെത്തിയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

റെയ്ച്ചലും ഭർത്താവും വർഷങ്ങളായി പിരിഞ്ഞാണ് കഴിയുന്നത്. ലിജോ കുറച്ചുനാൾ മുമ്പുവരെ പിതാവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. പിന്നീട് അമ്മയോടൊപ്പം മൈലാടുംപാറയിൽ താമസിച്ചുവരികയായിരുന്നു. ലഹരി വാങ്ങുന്നതിനായി അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കൾ പറഞ്ഞു. വീട്ടിലേക്ക് വാങ്ങിയിരുന്ന ഉപകരണങ്ങൾ പോലും ലഹരിവസ്തുക്കൾ വാങ്ങുന്നതിനായി ഇയാൾ വിറ്റിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.

Slide 1
Slide 2
Slide 3
Slide 4

ലഹരിയുടെ നിഴലിൽ വീണ്ടും ഇടുക്കിയിൽ അരുംകൊല

Slide 1
Slide 2
Slide 3
Slide 4

എഴുകുംവയലിൽ മാതാപിതാക്കളായ ആന്റണി (55), വത്സമ്മ (50) എന്നിവരെ മകൻ അജീഷ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് മൈലാടുംപാറയിലും സമാനമായ സംഭവം ഉണ്ടായത്. രണ്ട് സംഭവങ്ങളിലും പ്രതികളുടെ ലഹരി ഉപയോഗം കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണെന്ന സൂചനയാണ് പൊലീസിൽനിന്ന് ലഭിക്കുന്നത്.

മൈലാടുംപാറയിലെ സംഭവത്തിൽ റെയ്ച്ചലിന്റെ കൈവശമുണ്ടായിരുന്ന പണം ലഹരി വാങ്ങുന്നതിനായി ലിജോ എടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.