കേരളം രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനം : പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: കേരളം രാജ്യത്തിന്റെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് 4.30ന് തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപനം നടത്തും.
സംസ്ഥാന സർക്കാരിൻറെ കണക്കുകൾ പ്രകാരം, 14നും 60നും ഇടയിൽ പ്രായമുള്ള 99 ശതമാനം ആളുകൾ ഇതിനകം ഡിജിറ്റൽ സാക്ഷരത നേടിയതായി കണ്ടെത്തിയിട്ടുണ്ട്.
2022-ലാണ് സംസ്ഥാന സര്ക്കാര് "ഡിജി കേരളം" എന്ന പേരിൽ ഡിജിറ്റൽ സാക്ഷരതാ യജ്ഞം ആരംഭിച്ചത്. സർക്കാർ സേവനങ്ങൾ ഓൺലൈനാകുമ്പോൾ സാധാരണക്കാർക്ക് അത് പ്രയാസകരമാകാതിരിക്കാൻ വേണ്ടിയും, എല്ലാവർക്കും ഡിജിറ്റൽ സൗഹൃദപരമായ ഇടപെടലുകൾ സാധ്യമാക്കാനുമുള്ള ശ്രമമായിരുന്നു പദ്ധതി.
രാജ്യത്തെ ഏറ്റവും വലിയ സർവേകളിലൊന്നായി, 83.45 ലക്ഷം കുടുംബങ്ങളിലെ ഒന്നര കോടിയോളം ആളുകളിൽ നിന്ന് വിവര ശേഖരണം നടത്തി. അതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 21,88,398 പേർക്ക് പരിശീലനം നൽകി, അവരിൽ 99.98 ശതമാനം പേർ വിജയിച്ച് ഡിജിറ്റൽ സാക്ഷരത സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. പഠിതാക്കളിൽ 15,223 പേർക്ക് 90 വയസിന് മുകളിലാണ് പ്രായം എന്നതാണ് ശ്രദ്ധേയമായത്.





