സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും
സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകള്‍ക്ക് ഇന്ന് തുടക്കമാകും. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ രാവിലെ പത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കില്‍ നിർവഹിക്കും.
ആൻറണി രാജു എംഎല്‍എ അധ്യക്ഷനാവുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആദ്യ വില്പന നിർവഹിക്കും. സപ്ലൈകോ ചെയർമാനും പൊതു വിതരണ ഉപഭോക്തൃകാര്യ സെക്രട്ടറിയുമായ എം.ജി. രാജമാണിക്യം, പൊതുവിതരണ ഉപഭോക്തകാര്യ കമ്മീഷണർ കെ. ഹിമ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി.എം. ജയകൃഷ്ണൻ, തിരുവനന്തപുരം നഗരസഭാ കൗണ്‍സിലർ എസ്.കെ.പി. രമേശ് എന്നിവർ സംസാരിക്കും.
ജനുവരി ഒന്ന് വരെയാണ് ഫെയറുകള്‍ ഉണ്ടാവുക. ആറ് ജില്ലകളില്‍ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകള് നടത്തുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയർ ആയി മാറും. പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 50ശതമാനം വരെ വിലക്കുറവും നല്‍കും.
സപ്ലൈകോ നിലവില്‍ നടപ്പിലാക്കി വരുന്ന 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും. 500 രൂപയ്ക്ക് മുകളില്‍ സബ്സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നല്‍കും.
ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫർ എന്ന പേരില്‍ 12 ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ പ്രത്യേക കിറ്റും ഡിസംബർ 22 മുതല്‍ സപ്ലൈകോ വില്‍പ്പനശാലകളില്‍ ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകള്‍ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റാണ് 500 രൂപയ്ക്ക് നല്‍കുന്നത്.


