കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം.? ഒറ്റഘട്ടമായി നടത്താൻ സാധ്യത
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടത്താനുള്ള സാധ്യതകൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തുന്നു. ഒറ്റഘട്ടമായാകും കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുകയെന്നതാണ് പ്രാഥമിക സൂചന.
കേരളം ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ മനീഷ് ഗാർഗിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. യോഗത്തിൽ കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. അസം, പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളാണ് കമ്മീഷൻ വിലയിരുത്തുന്നത്.
തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. മൂന്നാം തവണയും അധികാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ള വിഷയവും കാരണമായെന്നാണ് സിപിഐഎം വിലയിരുത്തൽ. ജനങ്ങളെ നേരിൽ കണ്ടു വിശദീകരണം നടത്താനും നിലപാട് വ്യക്തമാക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. മുൻ തെരഞ്ഞെടുപ്പിൽ കർശനമാക്കിയ രണ്ട് ടേം പരിധിയിൽ ഇളവ് നൽകുന്ന കാര്യവും സിപിഐഎം പരിഗണിക്കുന്നതായി സൂചനയുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി കെപിസിസി നേതൃയോഗം ചേർന്നിട്ടുണ്ട്. ഫെബ്രുവരി ആദ്യവാരം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള സർക്കാർ വിരുദ്ധ വിഷയങ്ങൾ ശക്തമായി ഉയർത്തിക്കാട്ടാനാണ് യുഡിഎഫിന്റെ തന്ത്രം. മുസ്ലിം ലീഗും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.






