കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ അര്‍ഹരായ സ്ത്രീകള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍; സര്‍ക്കാര്‍ പ്രത്യേക പദ്ധതി അംഗീകരിച്ചു
മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങള്‍, മഠങ്ങള്‍, കോണ്‍വെന്റുകള്‍, ആശ്രമങ്ങള്‍ തുടങ്ങിയിടങ്ങളില്‍ താമസിക്കുന്ന കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അര്‍ഹരായ സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ഉറപ്പാക്കുന്നതിനായി പ്രത്യേക പദ്ധതി മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇതോടെ ഇത്തരം സ്ത്രീകള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിലുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യാനാണ് ലക്ഷ്യം.
അവിവാഹിതരായ 50 വയസ്സിന് മുകളിലുള്ളതും ശമ്പളം, പെന്‍ഷന്‍, മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്തതുമായ സ്ത്രീകളെ പ്രത്യേക വിഭാഗമായി പരിഗണിക്കും. ഇവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിന് സാധാരണ ആവശ്യമായ വരുമാന സര്‍ട്ടിഫിക്കറ്റ്, അവിവാഹിത സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഒഴിവാക്കാനും തീരുമാനമായി. പകരം പ്രത്യേക അപേക്ഷാ ഫോറം സ്വീകരിച്ച് പെന്‍ഷന്‍ അനുവദിക്കുന്ന സംവിധാനം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.






