ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം; ഇടുക്കിയില്‍ വി.സി.ബി പദ്ധതികള്‍ പൂര്‍ത്തിയായി
ഇടുക്കി: ഗ്രാമീണ ടൂറിസത്തിന് പ്രാമുഖ്യം നല്‍കുന്ന വികസന പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വെള്ളക്കയം, കുതിരക്കല്ല് മഠംപടി മേഖലകളില്‍ നിര്‍മിച്ച വെന്റഡ് ക്രോസ് ബാര്‍ (വി.സി.ബി) പദ്ധതികളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വി.സി.ബിയിലേക്കുള്ള അപ്രോച്ച് റോഡ് നിര്‍മാണത്തിനായി ഇടുക്കി പാക്കേജില്‍ 35 ലക്ഷം രൂപ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും നിര്‍മാണ ചുമതല പൊതുമരാമത്ത് വകുപ്പിനായിരിക്കുമെന്നും മന്ത്രി അറിയിച്ചു. യോഹന്നാന്‍പടി റോഡിന് 50 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
2018ലെ പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും നവീകരിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ രംഗത്തും ജില്ലയില്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടുക്കി മെഡിക്കല്‍ കോളജില്‍നിന്ന് ഈ വര്‍ഷം നൂറ് ഡോക്ടര്‍മാര്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങാനിരിക്കുകയാണ്. 60 വര്‍ഷത്തിലധികം പഴക്കമുള്ള മറ്റ് മെഡിക്കല്‍ കോളജുകളുമായി ഇടുക്കി മെഡിക്കല്‍ കോളജിനെ താരതമ്യം ചെയ്യാനാകില്ലെന്നും, ഭാവിയെ മുന്‍നിര്‍ത്തിയുള്ള വികസനമാണ് ഇവിടെ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ പരീക്ഷകളില്‍ ഉയര്‍ന്ന വിജയശതമാനം നേടിയത് ഇടുക്കി മെഡിക്കല്‍ കോളജാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് നഴ്‌സിങ് കോളജ് ആരംഭിച്ചതോടെ സര്‍ക്കാര്‍ ഫീസില്‍ നഴ്‌സിങ് പഠിക്കാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുകയാണ്. നഴ്‌സിങ് കോളജ് കെട്ടിട നിര്‍മാണത്തിനായി ആറു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആശുപത്രിയില്‍ കാര്‍ഡിയോളജി യൂണിറ്റ് ആരംഭിച്ചതായും കാത്ത് ലാബ് സ്ഥാപിക്കാനും തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
2018ലെ പ്രളയത്തില്‍ മരിയാപുരം–വാഴത്തോപ്പ് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചിരുന്ന വെള്ളക്കയം, കുതിരക്കല്ല് മഠംപടി പ്രദേശങ്ങളിലെ ഗതാഗത മാര്‍ഗങ്ങള്‍ തകര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിലൂടെയാണ് സര്‍ക്കാരില്‍നിന്ന് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
ജലസേചന അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജലപാതയ്ക്ക് കുറുകെ വെന്റഡ് ക്രോസ് ബാര്‍ നിര്‍മിച്ച് മെച്ചപ്പെട്ട ജലവിതരണം ഉറപ്പാക്കുകയും വെള്ളപ്പൊക്ക നിയന്ത്രണം ശക്തമാക്കുകയും ചെയ്യുന്നതാണ് പദ്ധതി.
ഇതോടൊപ്പം ബോട്ടിങ്, കയാക്കിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് വി.സി.ബി കം ഫുട്ട് ബ്രിഡ്ജിന്റെ റിസര്‍വോയറിനെ സുസ്ഥിര ടൂറിസം പദ്ധതിയായി വികസിപ്പിക്കാനുള്ള സാധ്യതകളും പരിഗണിക്കുന്നുണ്ട്.
ജലവിഭവ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ.ഐ.ഐ.ഡി.സി) തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോര്‍ട്ട് കിഫ്ബിക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് 5.37 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. ഒമ്പത് മാസത്തിനുള്ളിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
മരിയാപുരം ഗ്രാമപഞ്ചായത്തംഗം ജയ പി.എസ് അധ്യക്ഷത വഹിച്ചു. കെ.ഐ.ഐ.ഡി.സി ചീഫ് എഞ്ചിനീയര്‍ പ്രകാശ് ഇടിക്കുള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ഐ.ഐ.ഡി.സി സി.ഇ.ഒ തിലകന്‍ എസ് പ്രസംഗിച്ചു.





