തേയില-ഏലം തോട്ടം തൊഴിലാളികൾക്ക് ദിവസക്കൂലി വർധിപ്പിച്ചു
സംസ്ഥാനത്തെ തേയില, ഏലം തുടങ്ങിയ തോട്ടം മേഖലകളിലെ തൊഴിലാളികൾക്ക് ദിവസക്കൂലി വർധിപ്പിച്ച് ഉത്തരവായി. ദിവസക്കൂലിയിൽ 48 രൂപയുടെ വർധനവാണ് പ്രാബല്യത്തിൽ വന്നത്.
തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ട്രേഡ് യൂണിയൻ നേതാക്കളും തോട്ടം ഉടമകളും പങ്കെടുത്ത പ്ലാന്റേഷൻ ലേബർ കമ്മിറ്റി (പി.എൽ.സി) യോഗത്തിലാണ് തീരുമാനം എടുത്തത്. തേയില, ഏലം, കാപ്പി, റബർ തുടങ്ങിയ വിവിധ തോട്ടം മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് വർധിപ്പിച്ച കൂലി ലഭിക്കുക.
അടിസ്ഥാന ശമ്പളത്തിൽ 43 രൂപയുടെ വർധനയും അഞ്ചു രൂപ ഇൻസെന്റീവും ഉൾപ്പെടെ ആകെ 48 രൂപയാണ് കൂട്ടിയത്. ഇതോടെ ദിവസക്കൂലി 458 രൂപയായി ഉയരും.
ഇതിനു പുറമേ തൊഴിലാളികൾക്ക് ആയിരം രൂപ അഡ്വാൻസ് നൽകണമെന്ന മന്ത്രിയുടെ നിർദ്ദേശവും തോട്ടം ഉടമകൾ അംഗീകരിച്ചു. ഇതിൽ 500 രൂപ മാത്രം തൊഴിലാളികൾ തിരിച്ചടച്ചാൽ മതിയാകും.
മൂന്നു വർഷത്തിന് ശേഷമാണ് തോട്ടം തൊഴിലാളികളുടെ കൂലി വർധിപ്പിക്കുന്നത്. ഇതുവരെ ഏലം മേഖലയിൽ തൊഴിലാളികൾക്ക് 420 മുതൽ 450 രൂപ വരെയും, തേയില തോട്ടം മേഖലയിൽ 390 മുതൽ 410 രൂപ വരെയുമായിരുന്നു ലഭിച്ചിരുന്നത്.
തൊഴിൽ മന്ത്രിയുമായുള്ള ചർച്ചയിൽ വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് പി.എസ്. രാജൻ, ജയമോഹനൻ (സി.ഐ.ടി.യു), എച്ച്. രാജീവൻ, എം.വൈ. ഔസേപ്പ് (എ.ഐ.ടി.യു.സി), എ.കെ. മണി, ഇ. ബേബി (ഐ.എൻ.ടി.യു.സി) എന്നിവർ പങ്കെടുത്തു.





