കേരളം ഇലക്ഷൻ ചൂടിലേക്ക് : പ്രചാരണം മൂന്നാഴ്ച മാത്രം

കേരളത്തിൽ ഇത്തവണ 2.70 കോടി വോട്ടർമാർ വിധിയെഴുതും

കേരളം ഇലക്ഷൻ ചൂടിലേക്ക് : പ്രചാരണം മൂന്നാഴ്ച മാത്രം

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങി. സംസ്ഥാനത്ത് ഒറ്റഘട്ടമായി ഏപ്രിൽ 9 ന് വോട്ടെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മെയ് 4 നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.

Slide 1
Slide 2
Slide 3
Slide 4

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ ചേർന്ന പാനലാണ് തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തോടൊപ്പം തന്നെ എല്ലാ സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു.

പ്രധാന തീയതികൾ

നാമനിർദേശ പത്രിക സമർപ്പണം: മാർച്ച് 23 വരെ

സൂക്ഷ്മ പരിശോധന: മാർച്ച് 24

പത്രിക പിൻവലിക്കൽ: മാർച്ച് 26 വരെ

വോട്ടെടുപ്പ്: ഏപ്രിൽ 9

വോട്ടെണ്ണൽ: മെയ് 4

പ്രചാരണത്തിന് വെറും മൂന്ന് ആഴ്ച

അപ്രതീക്ഷിതമായി കുറഞ്ഞ സമയത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രഖ്യാപനം രാഷ്ട്രീയ പാർട്ടികളെ അതിവേഗ ഒരുക്കങ്ങളിലേക്ക് നയിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ പൂർത്തിയാകുന്നതോടെ മുന്നണികൾ കാടിളക്കി പ്രചാരണത്തിലേക്ക് കടക്കാനാണ് സാധ്യത.

സ്ഥാനാർത്ഥി പട്ടിക ആദ്യം പുറത്തുവിട്ടത് സിപിഐയാണ്. സിപിഎം പട്ടികയും ഉടൻ വരും. എൻഡിഎ സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം യുഡിഎഫിൽ സ്ഥാനാർത്ഥി നിർണയം ഇനിയും പൂർത്തിയായിട്ടില്ല.

വിഷുവും ഈസ്റ്ററും പരിഗണിച്ച് തീയതി

വിഷു, ഈസ്റ്റർ ആഘോഷങ്ങൾ പരിഗണിച്ചാണ് ഏപ്രിൽ രണ്ടാം വാരത്തിൽ തന്നെ വോട്ടെടുപ്പ് നിശ്ചയിച്ചത്. നിലവിലെ എൽഡിഎഫ് സർക്കാരിന്റെ കാലാവധി മെയ് 23-ന് അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ടർമാരും ബൂത്തുകളും

കേരളത്തിൽ ഇത്തവണ 2.70 കോടി വോട്ടർമാർ വിധിയെഴുതും.

പുരുഷൻമാർ: 1.31 കോടി

സ്ത്രീകൾ: 1.38 കോടി

ട്രാൻസ്ജെൻഡർ: 277

4.24 ലക്ഷം പേർ കന്നി വോട്ടർമാരാണ്. സംസ്ഥാനത്ത് 30,471 പോളിങ് സ്റ്റേഷനുകൾ ഒരുക്കും.

സാങ്കേതിക സംവിധാനങ്ങൾ

എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഒരുക്കും. മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യവും ഒരുക്കും. ഇവിഎം വോട്ടെണ്ണലിന് മുമ്പ് ബാലറ്റ് പത്രങ്ങൾ രണ്ട് തവണ എണ്ണുമെന്നും കമ്മീഷൻ അറിയിച്ചു. ബിഎൽഒമാരുടെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പ്രതിഫലവും വർധിപ്പിച്ചിട്ടുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്

കേരളത്തിനൊപ്പം തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെയും തെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. ആകെ 824 മണ്ഡലങ്ങളിൽ നിന്ന് 17.4 കോടി വോട്ടർമാർ ഇത്തവണ വിധിയെഴുതും.

കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9 ന് ഒറ്റഘട്ട വോട്ടെടുപ്പും തമിഴ്നാട്ടിൽ ഏപ്രിൽ 23 നും നടക്കും. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായി ഏപ്രിൽ 23നും ഏപ്രിൽ 29നും വോട്ടെടുപ്പ് നടക്കും. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മെയ് 4 നാണ്.