നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്‌ദ പ്രചാരണം
കേരളത്തിലെ 2.71 കോടി വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് നടക്കുക. 25 ദിവസം നീണ്ട പ്രചാരണത്തിന് ഇന്നലെ വൈകുന്നേരം ആറിന് കൊട്ടിക്കലാശത്തോടെ അവസാനമായി; ഇന്ന് നിശബ്‌ദ പ്രചാരണത്തിന്റെ ദിനമാണ്.
അടുത്ത 24 മണിക്കൂറിനുള്ളിൽ വിധിയെഴുത്ത് ആരംഭിക്കാനിരിക്കെ സ്ഥാനാർഥികൾ ഇന്ന് പരമാവധി വോട്ടർമാരെ നേരിൽ കണ്ടു പിന്തുണ ഉറപ്പാക്കാൻ ശ്രമത്തിലാണ്.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. നൂറിലേറെ സീറ്റുകൾ നേടി അധികാരത്തിൽ മടങ്ങിയെത്തുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. മികച്ച ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ തുടരുമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. ഏതാനും സീറ്റുകൾ നേടി സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ശക്തിയാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും.
24 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ സംസ്ഥാനത്ത് 30,495 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ചൂട് നിയന്ത്രണത്തിനായി കുടിവെള്ളം, വിശ്രമ സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ചില ബൂത്തുകൾ ഉത്സവാന്തരീക്ഷത്തിൽ അലങ്കരിച്ചും വോട്ടെടുപ്പ് സൗഹൃദപരമാക്കാൻ ശ്രമമുണ്ട്.
85 വയസിന് മുകളിലുള്ള 2.07 ലക്ഷം വോട്ടർമാരിൽ 98 ശതമാനം പേർ ഇതിനകം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. 1.46 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥരിൽ 40 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്; ഇന്ന് ഉച്ചയ്ക്കകം എല്ലാവരും വോട്ട് രേഖപ്പെടുത്തും.
സുരക്ഷ ശക്തമാക്കുന്നതിനായി 160 കമ്പനി കേന്ദ്രസേനാംഗങ്ങൾ ഉൾപ്പെടെ 76,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സംസ്ഥാനത്ത് 2,71,42,952 സാധാരണ വോട്ടർമാർക്ക് പുറമേ 53,984 സർവീസ് വോട്ടർമാരുമുണ്ട്.
ഇത്തവണ 2,42,093 പ്രവാസി വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇവരിൽ നല്ലൊരു വിഭാഗം വിദേശങ്ങളിൽ നിന്ന് നാട്ടിലെത്തി വോട്ട് ചെയ്യാനൊരുങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ ഐഡി കാർഡിനൊപ്പം മറ്റു 11 രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.





