നിയമ സഭാ തിരഞ്ഞെടുപ്പ് : വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിയമ സഭാ തിരഞ്ഞെടുപ്പ് : വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിനിടെ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ ആവശ്യമായ രേഖകളും നിയമങ്ങളും മുൻകൂട്ടി അറിയുന്നത് നിർണായകം. പലപ്പോഴും തിരിച്ചറിയൽ രേഖകൾ മറക്കുന്നത് വോട്ടവകാശം വിനിയോഗിക്കാൻ തടസമാകാം.

Slide 1
Slide 2
Slide 3
Slide 4

വോട്ടർമാർ നിർബന്ധമായും വോട്ടർ ഐഡി കാർഡും സ്ലിപ്പും കൈയിൽ കരുതണം. വോട്ടർ ഐഡി ഇല്ലാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റ് രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം. പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, എംഎൻആർഇജിഎ ജോബ് കാർഡ്, ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, പെൻഷൻ രേഖ, സർക്കാർ/പൊതുമേഖല ജീവനക്കാരുടെ ഫോട്ടോ ഐഡി കാർഡുകൾ എന്നിവ ഉൾപ്പെടെ 11 രേഖകൾ അംഗീകരിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് ദിനത്തിൽ ഭിന്നശേഷിക്കാരായ വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും മുൻഗണന നൽകും. ബൂത്തുകളിൽ റാംപ്, വീൽചെയർ സൗകര്യം, ബ്രെയിൽ സൗകര്യമുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, സഹായത്തിനായി വോളന്റിയർമാർ, ആവശ്യമായിടത്ത് ആംഗ്യഭാഷാ സഹായം എന്നിവ ഒരുക്കിയിട്ടുണ്ട്.

പോളിംഗ് ബൂത്തിലെത്തിയാൽ വോട്ടർമാർ ക്യൂ പാലിക്കണം. സുരക്ഷാ ഉദ്യോഗസ്ഥർ ക്രമമായി പ്രവേശനം അനുവദിക്കും. തിരിച്ചറിയൽ രേഖയും സ്ലിപ്പിലെ ക്രമനമ്പറും പരിശോധിച്ച് വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കും. തുടർന്ന് വോട്ടറുടെ പേര് വിളിച്ചുപറയും; പോളിംഗ് ഏജന്റുമാർ പട്ടിക പരിശോധിച്ച് സ്ഥിരീകരണം നടത്തും.

ശേഷം ഇടത് കൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടി, രജിസ്റ്ററിൽ ഒപ്പിടുകയോ വിരലടയാളം രേഖപ്പെടുത്തുകയോ ചെയ്യും. തുടർന്ന് വോട്ടിംഗ് നടപടിയിലേക്ക് കടക്കും. ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥിയുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിവയ്ക്കു നേരെയുള്ള ബട്ടൺ അമർത്തിയാണ് വോട്ട് രേഖപ്പെടുത്തുന്നത്. വിവിപാറ്റ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തിയ വിവരം ഏതാനും സെക്കൻഡ് പ്രദർശിപ്പിക്കുകയും ബീപ് ശബ്ദം കേൾക്കുകയും ചെയ്യും.

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് സമയം. വൈകിട്ട് 6 മണിക്ക് മുമ്പ് ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിക്കും. തുടർന്ന് പുതിയ ആളുകളെ ബൂത്തിലേക്ക് പ്രവേശിപ്പിക്കില്ല.