രാഷ്ട്രീയ കേരളം കാത്തിരുന്ന പ്രഖ്യാപനം; കേരളാ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ
കേരളത്തിന്റെ 13-ാമത്തെ മുഖ്യമന്ത്രി.
തിരുവനന്തപുരം: ദിവസങ്ങളായി നീണ്ടുനിന്ന നിർണായക രാഷ്ട്രീയ ചർച്ചകൾക്കും അടച്ചിട്ട മുറികളിലെ അനൗദ്യോഗിക കൂടിക്കാഴ്ചകൾക്കും ഒടുവിൽ യു.ഡി.എഫ് നേതൃത്വത്തിൽ വൻ തീരുമാനം. സംസ്ഥാനത്ത് ചരിത്രവിജയം നേടിയ മുന്നണിയുടെ മുഖ്യമന്ത്രിയായി മുൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന നിമിഷം മുതൽ തന്നെ യു.ഡി.എഫിനുള്ളിൽ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള ചർച്ചകൾ സജീവമായിരുന്നു. കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളും യുവതലമുറയും ഒരുമിച്ച് മുന്നോട്ട് വെച്ച പേരായിരുന്നു വി.ഡി. സതീശന്റേത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭരണവിരുദ്ധ പോരാട്ടങ്ങളിൽ ശക്തമായ നിലപാട് എടുത്തത്, നിയമസഭയ്ക്കുള്ളിലും പുറത്തും നടത്തിയ ആക്രമണാത്മക ഇടപെടലുകൾ, യുവാക്കളിലെയും മധ്യവർഗത്തിലെയും സ്വാധീനം എന്നിവ സതീശന് മുൻതൂക്കം നൽകുകയായിരുന്നു.
ഇതിനിടയിൽ കെസി വേണുഗോപാൽ,രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ സജീവചർച്ചക്ക് വന്നുവെങ്കിലും ജനവികാരം വി ഡി സതീശന് അനുകൂലമായിരുന്നു.
അതേസമയം, മുസ്ലിംലീഗിന്റെ പിന്തുണയാണ് നിർണായക ഘട്ടത്തിൽ വി.ഡി. സതീശന് കരുത്തായത് എന്ന വിലയിരുത്തലും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാണ്. മുന്നണിയിലെ ഐക്യം നിലനിർത്താൻ കഴിയുന്ന നേതാവെന്ന നിലയിൽ ലീഗ് നേതൃത്വം സതീശനോട് അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഉന്നതതല ചർച്ചകളിൽ ലീഗിന്റെ നിർദേശം നിർണായകമായി മാറിയതായും റിപ്പോർട്ടുകളുണ്ട്.
ഇന്നലെ വൈകിട്ട് നടന്ന സുപ്രധാന ചർച്ചയിൽ AK ആൻ്റണിയുടെയും അഭിപ്രായം ആരാഞ്ഞിരുന്നു.കഴിഞ്ഞ ദിവസം കേരളത്തിലെ എല്ലാ മുതിർന്ന നേതാക്കളെയും ദൽഹിയിൽ വിളിച്ചു വരുത്തി സംസാരിച്ചിരുന്നു.
കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ച 102 സീറ്റിൻ്റെ വൻ വിജയമാണ് യു.ഡി.എഫ് ഇത്തവണ സ്വന്തമാക്കിയത്. ഭരണവിരുദ്ധ തരംഗവും യുവജന വോട്ടുകളും ശക്തമായി യു.ഡി.എഫിന് അനുകൂലമായി മാറിയതോടെ പല കോട്ടകളും മുന്നണി പിടിച്ചടക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വി.ഡി. സതീശൻ മുന്നോട്ട് വെച്ച “ടീം യുഡിഎഫ്” എന്ന ആശയവും ജനങ്ങൾ ഏറ്റെടുത്തുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അവസാന നിമിഷം വരെ ചില പേരുകൾ പരിഗണനയിൽ ഉണ്ടായിരുന്നുവെങ്കിലും ഹൈക്കമാൻഡിന്റെ വിശ്വാസം ഒടുവിൽ സതീശനിലേക്കാണ് എത്തിയത്. ഡൽഹിയിലും തിരുവനന്തപുരത്തുമായി നടന്ന നിർണായക ചർച്ചകൾക്ക് ശേഷമാണ് അന്തിമ ധാരണയായതെന്നാണ് ലഭിക്കുന്ന വിവരം.
ഇതിനിടെ, വി.ഡി. സതീശനെ അഭിനന്ദിച്ച് യു.ഡി.എഫ് പ്രവർത്തകർ വിവിധ ജില്ലകളിൽ ആഹ്ലാദ പ്രകടനങ്ങൾ ആരംഭിച്ചു. സോഷ്യൽ മീഡിയയിലും “മുഖ്യമന്ത്രി സതീശൻ” എന്ന ഹാഷ്‌ടാഗ് വ്യാപകമായി പ്രചരിക്കുകയാണ്.
സത്യപ്രതിജ്ഞാ ചടങ്ങ് അടുത്ത ദിവസങ്ങളിൽ നടക്കുമെന്നാണ് സൂചന. പുതിയ മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളും ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.


