മുഖ്യമന്ത്രി ആരെന്ന സസ്പെൻസ് ഇന്ന് തീരും; കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഉച്ചയ്ക്ക്, സത്യപ്രതിജ്ഞ ഉടൻ
തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള ദിവസങ്ങളായുള്ള ആകാംക്ഷക്കും രാഷ്ട്രീയ ചർച്ചകൾക്കും ഇന്ന് വിരാമമാകും. കോണ്‍ഗ്രസ് നിയമസഭകക്ഷി യോഗം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കെപിസിസി ആസ്ഥാനത്ത് ചേരാനിരിക്കെ ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം പ്രഖ്യാപിക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ തീരുമാനം അടങ്ങിയ മുദ്രവെച്ച കവർ എഐസിസി നിരീക്ഷക ദീപ ദാസ് മുൻഷി യോഗത്തിൽ സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് ശക്തമായി പരിഗണിക്കപ്പെടുന്നത്. ഹൈക്കമാൻഡ് ആരെ തിരഞ്ഞെടുത്താലും അത് അംഗീകരിക്കണമെന്ന നിർദ്ദേശം നേതാക്കൾക്ക് നൽകിയതായും, അതിന് എല്ലാവരും സമ്മതം രേഖപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
കോണ്‍ഗ്രസ് എംഎൽഎമാരോട് അടിയന്തരമായി തിരുവനന്തപുരത്ത് എത്താൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിർദ്ദേശം നൽകിയിട്ടുണ്ട്. കോണ്‍ഗ്രസ് നിയമസഭകക്ഷി യോഗത്തിന് പിന്നാലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് എംഎൽഎ ഹോസ്റ്റലിൽ യുഡിഎഫ് എംഎൽഎമാരുടെ സംയുക്ത യോഗവും ചേരും. ഘടകകക്ഷി നേതാക്കളുടെയും പ്രത്യേക യോഗം ഇതോടൊപ്പം നടക്കും.
നിയമസഭകക്ഷി നേതാവിനെ തെരഞ്ഞെടുത്ത ഉടൻ യുഡിഎഫ് നേതാക്കൾ രാജ്ഭവനിലെത്തി ഗവർണറെ കാണും. ഘടകകക്ഷികളുടെ പിന്തുണ അറിയിക്കുന്ന കത്ത് കൈമാറുന്നതോടെ സർക്കാർ രൂപീകരണ നടപടികൾക്ക് ഔദ്യോഗിക തുടക്കമാകും. ശനിയാഴ്ചയോ തിങ്കളാഴ്ചയോ പുതിയ മുഖ്യമന്ത്രിയും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനാണ് നിലവിലെ സാധ്യത.
തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് പതിനൊന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിൽ ഹൈക്കമാൻഡ് ഒറ്റ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയെ ഇന്ന് തിരുവനന്തപുരത്ത് പ്രഖ്യാപിക്കുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ഡൽഹിയിൽ നിന്നുള്ള സൂചനകൾ പ്രകാരം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേരിനാണ് മുൻതൂക്കം ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഭൂരിഭാഗം എംഎൽഎമാരുടെയും എംപിമാരുടെയും പിന്തുണ, കൂടാതെ മുതിർന്ന നേതാക്കളുടെ അനുകൂല നിലപാടുകളും കെസിക്ക് കരുത്തായെന്നാണ് വിലയിരുത്തൽ.
അതേസമയം, ജനപിന്തുണയും മുന്നണിയിലെ സ്വാധീനവും തനിക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് വി.ഡി. സതീശൻ പക്ഷം. സീനിയോറിറ്റിയും സംഘടനാ പരിചയവും പരിഗണിക്കപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് രമേശ് ചെന്നിത്തല ക്യാമ്പും.
ഇന്ന് രാവിലെ 11.30ന് ചാർട്ടേഡ് വിമാനത്തിൽ കെ.സി. വേണുഗോപാലും തിരുവനന്തപുരത്ത് എത്തും. തുടർന്ന് കെപിസിസി ആസ്ഥാനത്ത് നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കും. യോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം. പിന്നീട് രാജ്ഭവനിലേക്കുള്ള റോഡ് ഷോ ഉൾപ്പെടെയുള്ള പരിപാടികളും സർക്കാർ രൂപീകരണ അവകാശവാദവും മുന്നോട്ടുകൊണ്ടുപോകാനാണ് യുഡിഎഫ് നേതൃത്വം ആലോചിക്കുന്നത്.


