മുഖ്യമന്ത്രിയടക്കം 21 അംഗ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ മെയ് 18-ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹത്തോടൊപ്പം 21 അംഗങ്ങളടങ്ങിയ പൂര്‍ണ മന്ത്രിസഭയും അന്നേ അധികാരമേല്‍ക്കും.
എഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വലിയ ജനപങ്കാളിത്തത്തോടെയും പ്രൗഢഗംഭീരമായും ചടങ്ങ് സംഘടിപ്പിക്കാനാണ് തീരുമാനം. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും.
നിയമസഭാ കക്ഷി യോഗത്തില്‍ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് വി.ഡി. സതീശന്റെ പേര് നിര്‍ദേശിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രമേയത്തെ പിന്താങ്ങി.
വ്യക്തിപരമായ കാരണങ്ങളാല്‍ യോഗത്തില്‍ നേരിട്ട് പങ്കെടുക്കാതിരുന്നെങ്കിലും രമേശ് ചെന്നിത്തല കത്തയച്ച് പിന്തുണ അറിയിച്ചതായും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
യോഗത്തിന് ശേഷം വി.ഡി. സതീശൻ ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. ആവശ്യമായ എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് വ്യക്തമാക്കുന്ന കത്തുകളും അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. സണ്ണി ജോസഫും മറ്റ് നേതാക്കളും അദ്ദേഹത്തോടൊപ്പം രാജ്ഭവനിലെത്തി


