അപകടത്തില്‍പ്പെട്ട പോലീസുകാരനെ ആശുപത്രിയിലെത്തിക്കാൻ വിസമ്മതം; ഓട്ടോ ഡ്രൈവർമാർക്കെതിരെ കടുത്ത നടപടിക്ക് പോലീസ്
നിയമസഭാ വോട്ടെണ്ണൽ ദിനമായ രാത്രിയിൽ പുളിയൻമല റോഡിൽ ബൈക്ക് അപകടത്തിൽപ്പെട്ട് പരിക്കേറ്റ് കിടന്ന പോലീസുകാരനെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോറിക്ഷാ ഡ്രൈവർമാർ തയ്യാറാകാതിരുന്നതിനെ തുടർന്ന് കടുത്ത നടപടിയുമായി പോലീസ് രംഗത്ത്.
അപകടത്തിൽ പരിക്കേറ്റത് ഇടുക്കി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ വിനോദ് കുമാറാണ്. അപകടത്തിന് പിന്നാലെ വിനോദ് കുമാർ സമീപത്തുള്ള സഹോദരനെ ഫോണിൽ വിവരം അറിയിച്ചു. തുടർന്ന് കട്ടപ്പന സെൻട്രൽ ജങ്ഷനിലെത്തിയ സഹോദരൻ ഓട്ടോറിക്ഷ വിളിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്ന ഡ്രൈവർമാർ പോകാൻ തയ്യാറായില്ലെന്നാണ് പരാതി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ അവിടെയെത്തിയ മറ്റൊരു ഓട്ടോറിക്ഷയിലാണ് പോലീസുകാരനെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിൽ പരാതി ലഭിച്ചതോടെ രാത്രി സർവീസ് നടത്തുന്ന മുഴുവൻ ഓട്ടോറിക്ഷാ ഡ്രൈവർമാരെയും വിളിച്ചുവരുത്തി പോലീസ് താക്കീത് ചെയ്തു. ചില ഡ്രൈവർമാർ മദ്യപിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. രാത്രി സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാരുടെ യോഗം വിളിച്ചിരുന്നുവെങ്കിലും പലരും പങ്കെടുക്കാൻ തയ്യാറായില്ലെന്നും അധികൃതർ വ്യക്തമാക്കി.
കട്ടപ്പനയിലെ ഐ.സി.ഐ.സി. ബാങ്കിന് എതിർവശത്തെ ഭവന നിർമാണ ബോർഡ് വ്യാപാര സമുച്ചയത്തിന് സമീപമുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിൽ നിന്ന് ഓട്ടം വിളിച്ചാൽ ഭൂരിഭാഗം ഓട്ടോറിക്ഷകളും വരാൻ മടി കാണിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ചെറിയ ദൂര ഓട്ടങ്ങൾക്കുപോലും മോശം പ്രതികരണമാണ് ലഭിക്കുന്നതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. വള്ളക്കടവ് ഭാഗത്തേക്കുള്ള സമാന്തര സർവീസുകളിലേക്കാണ് ചില ഡ്രൈവർമാർ കൂടുതൽ താത്പര്യം കാണിക്കുന്നതെന്നും ആരോപണമുണ്ട്. വിഷയത്തിൽ പരിശോധന നടത്തി നടപടി സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം.
ഓട്ടം കാത്തുകിടക്കുന്ന ടാക്സി വാഹനങ്ങൾ ‘ഫോർ ഹയർ’ ബോർഡ് പ്രദർശിപ്പിക്കണമെന്നാണ് നിയമം. എന്നാൽ പല വാഹനങ്ങളും ഇത് പാലിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോറിക്ഷ ഓട്ടം വിളിച്ചിട്ടും വരാത്ത പക്ഷം വാഹന നമ്പർ സഹിതം പരാതി നൽകാമെന്ന് അധികൃതർ അറിയിച്ചു. പോലീസിന്റെ പോൾ ആപ്പ് വഴിയോ മോട്ടോർ വാഹന വകുപ്പിന് ഇ-മെയിൽ വഴിയോ പരാതിപ്പെടാം.
ആർ.ടി.ഒ., എസ്.ഐ. റാങ്ക് മുതൽ മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് മോട്ടോർ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കാനാകും. പിഴ ചുമത്തൽ മുതൽ പെർമിറ്റ് റദ്ദാക്കൽ വരെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കാമെന്നും അധികൃതർ വ്യക്തമാക്കി.


