കേരളത്തിൽ മഴ ശക്തമാകും; മെയ് 26ഓടെ കാലവർഷം എത്താൻ സാധ്യത

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ ഇടത്തരം തോതിലോ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

കേരളത്തിൽ മഴ ശക്തമാകും; മെയ് 26ഓടെ കാലവർഷം എത്താൻ സാധ്യത

സംസ്ഥാനത്ത് മഴ ശക്തമാകാനിടയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് ലക്ഷദ്വീപ്, വടക്കൻ കേരളം, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങൾ, ആന്ധ്രാപ്രദേശ് എന്നിവയ്ക്ക് മുകളിലൂടെ മധ്യ ബംഗാൾ ഉൾക്കടൽ വരെ നീളുന്ന ന്യൂനമർദ്ദ പാത്തി (ട്രഫ്) രൂപപ്പെട്ടിരിക്കുന്നതാണ് മഴ ശക്തമാകാനുള്ള പ്രധാന കാരണം.

ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ മെയ് 26ഓടെ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് സൂചിപ്പിച്ചു. മെയ് 20 മുതൽ 21 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിലും കേരളത്തിലും മാഹിയിലും ഇടിമിന്നലോടുകൂടിയ മഴയും കാറ്റും തുടരുമെന്നും അധികൃതർ അറിയിച്ചു.

മഴസാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണിത്.

അതേസമയം അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ ഇടത്തരം തോതിലോ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും ഇടിമിന്നൽ സമയത്ത് തുറസ്സായ ഇടങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അധികൃതർ മുന്നറിയിപ്പ് നൽകി.