പെൺകരുത്തിൽ തിളങ്ങി ഹയർസെക്കൻഡറി ഫലം; എല്ലാ വിഷയങ്ങളിലും 'എ പ്ലസ്' നേടി 30,561 വിദ്യാർഥികൾ

പെൺകരുത്തിൽ തിളങ്ങി ഹയർസെക്കൻഡറി ഫലം; എല്ലാ വിഷയങ്ങളിലും 'എ പ്ലസ്' നേടി 30,561 വിദ്യാർഥികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലത്തിൽ പെൺകുട്ടികൾക്ക് വൻ മുന്നേറ്റം. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് (A+) നേടി വിജയക്കൊടി പാറിച്ച 30,561 വിദ്യാർഥികളിൽ 23,095 പേരും പെൺകുട്ടികളാണ്. 7,466 ആൺകുട്ടികൾക്കാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ 30,145 പേർക്കായിരുന്നു പൂർണ്ണ എ പ്ലസ് ഉണ്ടായിരുന്നത്.

​വിഭാഗം തിരിച്ചുളള കണക്കുകൾ പരിശോധിക്കുമ്പോൾ സയൻസ് സ്ട്രീമിലാണ് ഏറ്റവും കൂടുതൽ പേർക്ക് പൂർണ്ണ എ പ്ലസ് ലഭിച്ചത്; 22,970 പേർ. കോമേഴ്‌സ് വിഭാഗത്തിൽ 5,264 പേരും ഹ്യുമാനിറ്റീസിൽ 2,327 പേരും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

​മുഴുവൻ മാർക്കും നേടി 60 പേർ

​പരീക്ഷ എഴുതിയ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കും (1200/1200) നേടി സംസ്ഥാനത്ത് 60 വിദ്യാർഥികൾ അത്യപൂർവ്വ നേട്ടം സ്വന്തമാക്കി. കഴിഞ്ഞ വർഷം 41 പേർക്കായിരുന്നു ഈ നേട്ടമുണ്ടായിരുന്നത്.

​മലപ്പുറം ഒന്നാമത്, കോഴിക്കോട് രണ്ടാമത്

​എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ ഇത്തവണയും മലപ്പുറം ജില്ലയാണ് മുന്നിൽ. മലപ്പുറത്ത് 4,621 വിദ്യാർഥികൾ പൂർണ്ണ എ പ്ലസ് നേടി. 3,548 പേർക്ക് എ പ്ലസ് ലഭിച്ച കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്.

​മറ്റു ജില്ലകളിലെ എ പ്ലസ് കണക്കുകൾ: കണ്ണൂർ– 2878, തൃശൂർ– 2753, എറണാകുളം– 2751, തിരുവനന്തപുരം– 2564, കൊല്ലം– 2506, കോട്ടയം– 2002, പാലക്കാട്– 1987, ആലപ്പുഴ– 1488, കാസർകോട്– 998, ഇടുക്കി– 936, പത്തനംതിട്ട– 699, വയനാട്– 636.

​ഗൾഫ് മേഖലയിൽ നിന്ന് 131 വിദ്യാർഥികളും മാഹിയിൽ നിന്ന് 34 പേരും ലക്ഷദ്വീപിൽ നിന്ന് 29 പേരും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി തിളക്കമാർന്ന വിജയം കൈവരിച്ചു.