പുതിയ സർക്കാറിന്റെ ആദ്യ നയ പ്രഖ്യാപനം ഇന്ന്

പുതിയ സർക്കാറിന്റെ ആദ്യ നയ പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പതിന് ഗവർണർ സഭയെ അഭിസംബോധന ചെയ്ത് നയപ്രഖ്യാപന പ്രസംഗം നടത്തും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ പ്രസംഗത്തിൽ പ്രധാനമായും ഇടംപിടിക്കുമെന്നാണ് സൂചന.

സ്ത്രീകൾക്ക് ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനും ക്ഷേേമപെൻഷൻ 3000 രൂപയായി ഉയർത്തുന്നതിനും നയപ്രഖ്യാപനത്തിൽ പ്രാധാന്യം ലഭിക്കാനിടയുണ്ട്. വയോജനവകുപ്പ് രൂപീകരണം ഉൾപ്പെടെയുള്ള സാമൂഹ്യക്ഷേമ പദ്ധതികളും പ്രസംഗത്തിൽ ഉൾപ്പെടുമെന്നാണ് വിവരം.

റദ്ദാക്കിയ സിൽവർ ലൈൻ പദ്ധതിക്ക് പകരമായി പുതിയ വികസനപദ്ധതി പ്രഖ്യാപിക്കുമോയെന്ന കാര്യത്തിലും ആകാംക്ഷ ഉയർന്നിരിക്കുകയാണ്. ദേശീയപാത നിർമാണം വേഗത്തിൽ പൂർത്തിയാക്കൽ, വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ എന്നിവയും നയപ്രഖ്യാപനത്തിൽ പ്രതിപാദിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

രാവിലെ 8.55ഓടെ സഭയിലെത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും. പുതിയ സർക്കാരിന്റെ ഭരണദിശയും വികസന കാഴ്ചപ്പാടുകളും വ്യക്തമാക്കുന്ന നിർണായക പ്രസംഗമായിരിക്കും ഇന്നത്തേത്.