കട്ടപ്പനയിൽ കാലാനുസൃതമായ ഗതാഗത പരിഷ്‌കരണം നടപ്പിലാക്കണമെന്ന് ബി.ഡി.ജെ.എസ്

കട്ടപ്പനയിൽ കാലാനുസൃതമായ  ഗതാഗത പരിഷ്‌കരണം നടപ്പിലാക്കണമെന്ന് ബി.ഡി.ജെ.എസ്

കട്ടപ്പന: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കാലാനുസൃതമായ ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പിലാക്കണമെന്ന് ബി.ഡി.ജെ.എസ് നേതാക്കൾ ആവശ്യപ്പെട്ടു. അശോക ജംഗ്ഷൻ, ഇടുക്കിക്കവല, ചേന്നാട്ടുമറ്റം ജംഗ്ഷൻ, ഇടശ്ശേരി ജംഗ്ഷൻ, പുതിയ ബസ്റ്റാൻഡ്, ഗുരുമന്ദിരം ജംഗ്ഷൻ, പള്ളിക്കവല തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കടുത്ത ഗതാഗത തടസമാണ് അനുഭവപ്പെടുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

നഗരത്തിലെ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. പൊലീസ് സ്റ്റേഷനു സമീപത്തുനിന്ന് പള്ളിക്കവല വരെയുള്ള ഭാഗങ്ങളിൽ ഫുട്പാത്തുകൾ പോലും വാഹന പാർക്കിംഗിനായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണെന്നും ആരോപിച്ചു.

നഗരത്തിനുള്ളിലെ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സെൻട്രൽ ജംഗ്ഷൻ, മാർക്കറ്റ് ജംഗ്ഷൻ, ഇടശ്ശേരി ജംഗ്ഷൻ എന്നിവിടങ്ങളിലെ നിലവിലെ ബസ് സ്റ്റോപ്പുകൾ ഗതാഗത തടസത്തിന് പ്രധാന കാരണമാകുന്നതായി ചൂണ്ടിക്കാട്ടി. യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ബൈപാസ് റോഡുകൾ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തി നഗരത്തിലെ വാഹന ബാഹുല്യം കുറയ്ക്കണമെന്നും നേതാക്കൾ പറഞ്ഞു. പാറക്കടവ് ബൈപാസ് റോഡ് പള്ളിക്കവലയിൽ അവസാനിപ്പിക്കുന്നതിനുപകരം അമ്പലക്കവല വഴി ഇരുപതേക്കറിലേക്ക് എത്തുന്ന രീതിയിൽ വികസിപ്പിക്കണമെന്നും നിർദേശിച്ചു. അശോക ജംഗ്ഷനിൽ നിന്ന് ഗുരുമന്ദിരം ഭാഗത്തേക്ക് മേൽപ്പാലം നിർമ്മിക്കാനുള്ള സാധ്യതയും ബന്ധപ്പെട്ട വകുപ്പുകൾ പഠിക്കണമെന്ന് ആവശ്യപ്പെട്ടു.

കട്ടപ്പന നഗരത്തിന്റെ വളർച്ചയ്ക്കനുസരിച്ച് അടിസ്ഥാനപരമായ ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ മുനിസിപ്പൽ ഭരണസമിതി ഇച്ഛാശക്തി കാണിക്കണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ചിലർക്ക് മാത്രം ഗുണകരമാകുന്ന നിലപാടുകളാണ് നഗരത്തിലെ ഗതാഗത പരിഷ്‌കാരങ്ങൾ പലപ്പോഴും അട്ടിമറിക്കപ്പെടാൻ കാരണമാകുന്നതെന്നും ബി.ഡി.ജെ.എസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറയും കട്ടപ്പന മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അശോകൻ കാരുവേലിലും ആരോപിച്ചു.