സെക്യൂരിറ്റി തൊഴിലാളികളുടെ മിനിമം വേതനം വർധിപ്പിക്കണം:കേരള സെക്യൂരിറ്റി എംപ്ലോയിസ് യൂണിയൻ

സെക്യൂരിറ്റി തൊഴിലാളികളുടെ മിനിമം വേതനം വർധിപ്പിക്കണം:കേരള സെക്യൂരിറ്റി എംപ്ലോയിസ് യൂണിയൻ

സെക്യൂരിറ്റി തൊഴിലാളികളുടെ മിനിമം വേതനം വർധിപ്പിക്കണമെന്നും സർക്കാർ നിശ്ചയിക്കുന്ന വേതനം പൂർണമായും ലഭ്യമാക്കാൻ ഇടപെടണമെന്നും കേരള സെക്യൂരിറ്റി എംപ്ലോയിസ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് ഇന്ത്യയിലെ തൊഴിലാളികൾക്ക് ലഭ്യമായിരുന്ന നിയമ സംരക്ഷണം പോലും കേന്ദ്ര ഭരണകൂടം ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൂലി ചോദിക്കുന്ന തൊഴിലാളിയേയും പരീക്ഷാ ക്രമക്കേടുകൾ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥിയേയും രാജ്യദ്രോഹിയെന്ന് വിളിക്കുന്ന ഫാസിസ്റ്റ് പ്രവണത രാജ്യത്ത് ശക്തിപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അർഹതപ്പെട്ട മിനിമം കൂലിയും എട്ട് മണിക്കൂർ ജോലിയെന്ന അവകാശവും സംരക്ഷിക്കുന്നതിനായി യോജിച്ച പോരാട്ടങ്ങൾക്ക് രൂപം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.സംസ്ഥാന പ്രസിഡൻ്റ് ബി രാജു പതാക ഉയർത്തി. ജനറൽ സെക്രട്ടറി കെ ബി ഹനീഫ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ടി ജെ ആഞ്ചലോസ്, ജില്ലാ സെക്രട്ടറി കെ എൻ ഗോപി, സ്വാഗത സംഘം ചെയർമാൻ ബിജു കെ നായർ, ജനറൽ കൺവീനർ സുരേന്ദ്രൻ തമ്പി എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. കെ ബി ഹനീഫ പ്രസിഡൻ്റായും ബിജു കെ നായർ വർക്കിങ് പ്രസിഡൻ്റായും തിരഞ്ഞെടുക്കപ്പെട്ടു. ബി രാജു ജനറൽ സെക്രട്ടറിയായും പി ഡി റെജി ഓർഗനൈസിങ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സുരേന്ദ്രൻ തമ്പി ഖജാൻജിയായും ചുമതലയേൽക്കും.