ജീവനക്കാരുടെ കുറവ് : ഏലപ്പാറ സർക്കാർ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ
ഏലപ്പാറ: ആധുനിക രീതിയിൽ നവീകരിച്ച പുതിയ കെട്ടിടമുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും അഭാവം ഏലപ്പാറ സർക്കാർ ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തെ താളം തെറ്റിക്കുകയാണ്. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഏലപ്പാറ പഞ്ചായത്തിലെ ഏക പ്രധാന ചികിത്സാകേന്ദ്രമാണ് ഈ സർക്കാർ ആശുപത്രി.
ദിനംപ്രതി നിരവധി രോഗികളാണ് ചികിത്സ തേടി ആശുപത്രിയിലെത്തുന്നത്. നാല് ഡോക്ടർമാരുടെ സേവനം ആവശ്യമായ ആശുപത്രിയിൽ നിലവിൽ രണ്ട് ഡോക്ടർമാർ മാത്രമാണ് സേവനമനുഷ്ഠിക്കുന്നത്. ആവശ്യത്തിന് നഴ്സുമാരുടെയും മറ്റ് സ്റ്റാഫുകളുടെയും കുറവും ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
വാഗമൺ, കോട്ടമല, ഉളുപ്പൂണി തുടങ്ങി 30 കിലോമീറ്റർ വരെ ദൂരങ്ങളിൽ നിന്നുള്ള രോഗികളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്. എന്നാൽ മണിക്കൂറുകളോളം കാത്തുനിന്നിട്ടും പലപ്പോഴും ഡോക്ടർമാരെ കാണാനാകാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ സേവനത്തിലുള്ള ഒരു ഡോക്ടർ അവധിയിലായാൽ പോലും വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്.
സമീപകാലത്താണ് ആശുപത്രി ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയത്. എന്നാൽ കെട്ടിട നവീകരണം പൂർത്തിയായിട്ടും ആവശ്യമായ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പ് അനാസ്ഥ കാണിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.


