ഇടുക്കിയിലെ മലയോര മേഖലകളിൽ ഏലം മോഷണം വ്യാപകമാകുന്നു.
ഇടുക്കി: വിപണിയിൽ ഏലക്കായുടെ വില കിലോയ്ക്ക് 3,000 രൂപ കടന്നതോടെ ഇടുക്കിയിലെ മലയോര മേഖലകളിൽ ഏലം മോഷണം വ്യാപകമാകുന്നു. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ എസ്റ്റേറ്റ് പൂപ്പാറ മേഖലയിലാണ് രാത്രികാലങ്ങളിൽ ഏലത്തോട്ടങ്ങൾ ലക്ഷ്യമിട്ട് മോഷണസംഘങ്ങൾ സജീവമായിരിക്കുന്നത്.
വിളവെടുപ്പിന് പാകമായ ഏലക്കകൾ മാത്രം പറിച്ചെടുക്കുന്നതിന് പകരം, ഏലച്ചെടികളുടെ ശരം ഉൾപ്പെടെ വെട്ടിമാറ്റിയാണ് മോഷ്ടാക്കൾ കടന്നുകളയുന്നത്. ഇതുമൂലം നിലവിലെ വിളവിന് പുറമെ അടുത്ത സീസണിലെ ഉൽപ്പാദനവും പ്രതികൂലമായി ബാധിക്കുമെന്ന് കർഷകർ പറയുന്നു.
രാത്രികളിൽ തോട്ടങ്ങളിൽ കാവലിരുന്നിട്ടും മോഷണം തടയാനാകാത്ത സാഹചര്യത്തിൽ കർഷകർ കടുത്ത ആശങ്കയിലാണ്. മോഷണസംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും രാത്രികാല പൊലീസ് പട്രോളിംഗ് വർധിപ്പിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.





