ദേവികുളം തോട്ടം മേഖലയിൽ വീണ്ടും ഭീതി വിതച്ച് പടയപ്പ
ഇടുക്കി ദേവികുളം തോട്ടം മേഖലയിൽ കാട്ടുകൊമ്പൻ പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ദേവികുളം കേന്ദ്രീകരിച്ചാണ് ആനയുടെ സഞ്ചാരം. മഴ ശക്തമായ സാഹചര്യത്തിൽ പടയപ്പയുടെ സാന്നിധ്യം പ്രദേശവാസികളുടെയും തോട്ടം തൊഴിലാളികളുടെയും ആശങ്ക വർധിപ്പിക്കുകയാണ്.
തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങൾ വ്യാപകമായി നശിപ്പിച്ച പടയപ്പ രാത്രിയും പകലും വ്യത്യാസമില്ലാതെ ജനവാസ മേഖലയ്ക്ക് സമീപം തുടരുകയാണ്. വനപാലകർ പലതവണ കാട്ടിലേക്ക് തുരത്തിയെങ്കിലും, വീണ്ടും ജനവാസ മേഖലയിലേക്ക് മടങ്ങിയെത്തുന്നതാണ് സ്ഥിതി.
ചില സമയങ്ങളിൽ വാഹനങ്ങൾ ഉൾപ്പെടെ നശിപ്പിക്കുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. മഴക്കാലത്ത് കാട്ടാനയുടെ സാന്നിധ്യം വർധിച്ച സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, പടയപ്പയെ കണ്ടാൽ ഉടൻ വനംവകുപ്പിനെ അറിയിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.





