ഇടുക്കിയിൽ വിനോദസഞ്ചാരത്തിന് പൂർണ നിരോധനം; ടൂറിസ്റ്റ് വാഹനങ്ങൾക്കും പ്രവേശന വിലക്ക്
ഇടുക്കി: ജില്ലയിൽ കനത്ത മഴ തുടരുകയും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ വിനോദസഞ്ചാരത്തിന് പൂർണ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.
റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നതുവരെ വിനോദസഞ്ചാരികൾ ജില്ല സന്ദർശിക്കരുതെന്നും അത്യാവശ്യ യാത്രകൾ ഒഴികെ മറ്റെല്ലാ യാത്രകളും ഒഴിവാക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരം മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, വാഗമൺ വില്ലേജുകളിലേക്കുള്ള ടൂറിസ്റ്റ് വാഹനങ്ങളുടെ പ്രവേശനം പൂർണമായും നിരോധിച്ചു. ഈ പ്രദേശങ്ങളിലെ എല്ലാ വിനോദസഞ്ചാര പ്രവർത്തനങ്ങളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചിരിക്കുകയാണ്.
തുടർച്ചയായ മഴയെ തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, പാറയിടിച്ചിൽ, മരങ്ങൾ കടപുഴകിവീഴൽ, റോഡുകൾ തകരൽ തുടങ്ങിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.
ഓഫ് റോഡ് ജീപ്പ് സഫാരികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ടൂർ ഓപ്പറേറ്റർമാർ, ജീപ്പ് സഫാരി ഓപ്പറേറ്റർമാർ, അഡ്വഞ്ചർ ടൂറിസം സ്ഥാപനങ്ങൾ എന്നിവ വിനോദസഞ്ചാര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ അവശ്യസാധനങ്ങൾ എത്തിക്കുന്ന വാഹനങ്ങൾ, ആംബുലൻസുകൾ, അഗ്നിരക്ഷാസേന, പോലീസ്, ദുരന്തനിവാരണ സേന, പൊതുജനോപകാര സേവന വാഹനങ്ങൾ, സർക്കാർ പ്രത്യേക അനുമതി നൽകിയ വാഹനങ്ങൾ, പി.എസ്.സി പരീക്ഷാർത്ഥികളുടെ വാഹനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല.
ഉത്തരവ് ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.





