ഇടുക്കിയിൽ മഴക്കെടുതി രൂക്ഷം; 14 വീടുകൾ പൂർണമായും 69 വീടുകൾ ഭാഗികമായും തകർന്നു, 2 മരണം
ഇടുക്കി: കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഇടുക്കി ജില്ലയിൽ 14 വീടുകൾ പൂർണമായും 69 വീടുകൾ ഭാഗികമായും തകർന്നതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി സ്ഥിതിഗതികൾ വിശദീകരിച്ചത്.
കുടയത്തൂർ അടൂർമലയിൽ മണ്ണിടിച്ചിലിൽ മരിച്ച സുമതിയുടെ വീട്ടും കാരിക്കോട് താലൂക്ക് ആശുപത്രിയും മന്ത്രി സന്ദർശിച്ചു. ആലക്കോട് ചവർണ അങ്കണവാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയും സ്ഥിതിഗതികൾ വിലയിരുത്തി.
ജില്ലയിൽ നിലവിൽ 9 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 29 വില്ലേജുകൾ മഴക്കെടുതിയിൽ ദുരിതബാധിതമായി. ഇതുവരെ 2 പേർ മരിക്കുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിൽ 9 വലിയ മണ്ണിടിച്ചിലും 74 ചെറിയ മണ്ണിടിച്ചിലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
34 അംഗ എൻഡിആർഎഫ് സംഘവും, ഫയർഫോഴ്‌സ്, പൊലീസ്, ആപ്തമിത്ര വളണ്ടിയർമാർ എന്നിവരും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. ആവശ്യമെങ്കിൽ കൂടുതൽ സേനയെ വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം, മരുന്ന്, വൈദ്യപരിശോധന ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ പൂർണമായും വഹിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും വീടുകൾ നഷ്ടപ്പെട്ടവർക്ക് സർക്കാർ പാക്കേജ് പ്രകാരം പൂർണ പുനരധിവാസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
അത്യാവശ്യ ഘട്ടങ്ങളിലൊഴികെ ഇടുക്കി ജില്ലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും, അടുത്ത രണ്ട് ദിവസത്തേക്ക് രാത്രി യാത്ര പൂർണമായും ഒഴിവാക്കണമെന്നും മന്ത്രി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ഡാമുകളിലെ ജലനിരപ്പ് നിരന്തരം നിരീക്ഷിക്കാനും വെള്ളം തുറന്നുവിടുന്നതിൽ അതീവ ജാഗ്രത പാലിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.





