കേരളത്തിൽ ഇന്നും തീവ്രമഴ മുന്നറിയിപ്പ്; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് വീണ്ടും രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി (Off-shore Trough) നിലനിൽക്കുന്നതും, തെക്കുകിഴക്കൻ രാജസ്ഥാനിന് മുകളിലെ ശക്തമായ ന്യൂനമർദ്ദവുമാണ് മഴയ്ക്ക് കാരണമാകുന്നത്. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്നും, ഞായറാഴ്ചയും ബുധനാഴ്ചയും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
കടലാക്രമണ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഇന്ന് വൈകിട്ട് 5.30 വരെ 3 മുതൽ 3.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തുടർച്ചയായ മഴയും കടലാക്രമണ ഭീഷണിയും കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.





