സേഫ് ഓണം: ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി; ഹോട്ടലുകൾക്ക് പിഴ
ഇടുക്കി: സേഫ് ഓണം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകളും തുടർനടപടികളും ശക്തമാക്കി. തൊടുപുഴയിലെ മത്സ്യ മാർക്കറ്റുകളിൽ നടത്തിയ രാത്രികാല പരിശോധനയിൽ മത്സ്യങ്ങളുടെ ഏഴ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. എം. രാഗേന്ദുവിന്റെയും നോഡൽ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. സുമിൻ ജോസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഫിഷറീസ് വകുപ്പുമായി ചേർന്ന് മത്സ്യകൃഷി കേന്ദ്രങ്ങളിൽ ആന്റിബയോട്ടിക് ഉപയോഗവുമായി ബന്ധപ്പെട്ട പരിശോധനയും നടത്തി.
ഇടുക്കി സർക്കിളിൽ നടന്ന ഫയൽ അദാലത്തിൽ 18 സ്ഥാപനങ്ങളിൽ നിന്നായി 44,000 രൂപ പിഴ ഈടാക്കി. പൈനാവിലെ ന്യൂ വിനായക ഹോട്ടലിനും ബുഹാരി ഹോട്ടലിനും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ യഥാക്രമം 2,000 രൂപയും 5,000 രൂപയും പിഴ ചുമത്തി.
ഈ ആഴ്ച ജില്ലയിലാകെ 63 പരിശോധനകൾ നടത്തിയതിൽ എട്ട് സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസും അഞ്ച് സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. 36 സർവൈലൻസ് സാമ്പിളുകളും അഞ്ച് സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും ശേഖരിച്ചു.
മഴക്കെടുതിയെ തുടർന്ന് പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലെ ഭക്ഷ്യസുരക്ഷയും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ഉറപ്പാക്കുന്ന നടപടികൾ സ്വീകരിച്ചതായും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.





