വെള്ളയാംകുടിക്ക് സമീപം ദേശീയപാതയിലേക്ക് വീണ മണ്ണ് നീക്കാത്തത് അപകടഭീഷണി ഉയർത്തുന്നു
കട്ടപ്പന: കനത്ത മഴയെ തുടർന്ന് വെള്ളയാംകുടി കാണക്കാലിപ്പടിക്ക് സമീപം ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണ മണ്ണും കല്ലും ഇതുവരെയും പൂർണമായി നീക്കാത്തത് അപകടഭീഷണി വർധിപ്പിക്കുന്നു.
ഞായറാഴ്ച രാത്രിയാണ് വളവിലുള്ള തിട്ടയിൽ നിന്ന് വൻതോതിൽ മണ്ണിടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചത്. തുടർന്ന് ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും റോഡരികിൽ കിടക്കുന്ന മണ്ണും കല്ലും കടപുഴകിവീണ മരവും നീക്കം ചെയ്യാൻ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
ജില്ലയിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ഇവിടെ കാണക്കാലിപ്പടി വളവ് നേരത്തേ തന്നെ അപകടസാധ്യതയുള്ള മേഖലയാണ്. റോഡിൽ അടിഞ്ഞുകൂടിയ മണ്ണ് അടിയന്തരമായി നീക്കിയാൽ മാത്രമേ ഗതാഗതം പൂർണമായും സുരക്ഷിതവും സുഗമവുമായി തുടരാനാകൂ.
റോഡിന് താഴ്‌വാരത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്നതിനാൽ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. അപകടസാധ്യത ഒഴിവാക്കാൻ മണ്ണും കല്ലും മരങ്ങളും അടിയന്തരമായി നീക്കി സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.





