മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും : തമിഴ്നാട് ബജറ്റിൽ പ്രഖ്യാപനം
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നിലവിലുള്ള നിയമപരമായ പരിധിവരെ ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് സർക്കാരിന്റെ 2026–27 സാമ്പത്തിക വർഷ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എൻ. മേരി വിൽസണാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലുള്ള കരാറുകളും സുപ്രീംകോടതി വിധികളും അടിസ്ഥാനമാക്കി അണക്കെട്ടിൽ കൂടുതൽ ജലം സംഭരിക്കാനുള്ള തമിഴ്നാടിന്റെ നിയമപരമായ അവകാശം ഉറപ്പാക്കാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് ബജറ്റിൽ വ്യക്തമാക്കുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തണമെന്ന ആവശ്യം തമിഴ്നാട് ദീർഘകാലമായി ഉന്നയിച്ചുവരുന്നതാണ്. 2014-ലെ സുപ്രീംകോടതി വിധി പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെ ഉയർത്താൻ തമിഴ്നാടിന് അനുമതിയുണ്ട്. അണക്കെട്ട് സുരക്ഷിതമാണെന്നും ആവശ്യമായ ബലപ്പെടുത്തൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ജലനിരപ്പ് ഉയർത്താനുള്ള നടപടികളെന്നും തമിഴ്നാട് നിലപാട് ആവർത്തിക്കുന്നു.
അതേസമയം, അണക്കെട്ടിന്റെ പഴക്കവും സുരക്ഷയും ചൂണ്ടിക്കാട്ടി ജലനിരപ്പ് ഉയർത്തുന്നതിനെ കേരളം തുടർച്ചയായി എതിർക്കുകയാണ്. നിലവിലെ അണക്കെട്ടിന് പകരം പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യവും കേരളം മുന്നോട്ടുവയ്ക്കുന്നുണ്ട്.
തമിഴ്നാട് സർക്കാരിന്റെ പുതിയ പ്രഖ്യാപനത്തോട് കേരള സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.





