ട്രാഫിക് പരിഷ്‌കരണത്തിൽ വിശദീകരണവുമായി കട്ടപ്പന നഗരസഭ
കട്ടപ്പന ടൗണിലെ ട്രാഫിക് പരിഷ്‌കരണവും ബസ് സ്റ്റോപ്പുകളുടെ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് വിശദീകരണവുമായി കട്ടപ്പന നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി, നഗരസഭ കൗൺസിൽ, ട്രാഫിക് കമ്മിറ്റി എന്നിവയുടെ സംയുക്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരസഭയും ട്രാഫിക് പോലീസും ചേർന്ന് നിലവിലെ ക്രമീകരണങ്ങൾ നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും നിലവിൽ പളനിക്കവലയിൽ മാത്രമാണ് വെയ്റ്റിംഗ് ഷെഡ് ഉള്ളതെന്നും മറ്റ് സ്ഥലങ്ങളിൽ ബസ് സ്റ്റോപ്പുകൾ തിരിച്ചറിയുന്നതിനായി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.
വെയ്റ്റിംഗ് ഷെഡും ബസ് സ്റ്റോപ്പും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെയാണ് ചില വിമർശനങ്ങളെന്നും ജനങ്ങളും വിവിധ സംഘടനകളും സഹകരിച്ചാൽ നഗരസഭയുടെ സാമ്പത്തിക ബാധ്യതയില്ലാതെ സ്പോൺസർഷിപ്പിലൂടെ കൂടുതൽ വെയ്റ്റിംഗ് ഷെഡുകൾ നിർമ്മിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
ട്രാഫിക് പരിഷ്‌കരണം ഘട്ടംഘട്ടമായാണ് നടപ്പാക്കുന്നതെന്നും നിലവിൽ ഒന്നാം ഘട്ടം പൂർത്തിയായിട്ടുണ്ടെന്നും രണ്ട് മാസത്തിനുശേഷം രണ്ടാം ഘട്ടവും തുടർന്ന് മൂന്ന് മാസത്തിനുശേഷം അടുത്ത ഘട്ടവും നടപ്പാക്കുമെന്നും നഗരസഭ അധ്യക്ഷൻ വ്യക്തമാക്കി. എല്ലാ ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ കട്ടപ്പന ടൗണിലെ ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിക്കാനാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.





