ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് സംഭരണശേഷിയുടെ 45.40 ശതമാനം
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2349.46 അടിയായി ഉയർന്നു. നിലവിൽ അണക്കെട്ടിന്റെ സംഭരണശേഷിയുടെ 45.40 ശതമാനം വെള്ളമാണ് ഉള്ളത്. കഴിഞ്ഞ ദിവസം പദ്ധതിപ്രദേശത്ത് 37.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
സംസ്ഥാനത്ത് വൈദ്യുതി വകുപ്പിന് കീഴിലുള്ള എല്ലാ അണക്കെട്ടുകളിലെയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നിലവിൽ ഈ അണക്കെട്ടുകളിലാകെ സംഭരണശേഷിയുടെ 47 ശതമാനം വെള്ളമാണ് ഉള്ളത്.
അതേസമയം, ജലവിഭവ വകുപ്പിന് കീഴിലുള്ള മലങ്കര അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് രണ്ട് ഷട്ടറുകൾ അടച്ചു. അണക്കെട്ടിന്റെ പരമാവധി സംഭരണനിരപ്പ് 42 മീറ്ററാണ്. ജലനിരപ്പ് 39.66 മീറ്ററിലെത്തിയതോടെയാണ് തൊടുപുഴ, മൂവാറ്റുപുഴയാറുകളിലേക്കുള്ള ജലഒഴുക്ക് കുറച്ചത്.
എന്നാൽ, മൂലമറ്റം പവർഹൗസിൽ നിന്ന് വൈദ്യുതി ഉൽപാദനത്തിന് ശേഷം പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് വൈകുന്നേരത്തോടെ വർധിക്കാനിടയുള്ളതിനാൽ, മലങ്കരയിലെ ജലനിരപ്പ് 39 മീറ്ററിൽ നിലനിർത്തുന്നതിനായി നിലവിൽ രണ്ട് ഷട്ടറുകൾ ഒരു മീറ്റർ വീതവും രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതവും ഉയർത്തി വെള്ളം ഒഴുക്കുന്നുണ്ട്. ജലനിരപ്പ് കുറയുന്നതിനനുസരിച്ച് ഈ ഷട്ടറുകളും താഴ്ത്തുമെന്ന് അധികൃതർ അറിയിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പിൽ കാര്യമായ വർധനയില്ല. ഇന്നലെ രാവിലെ 6 മണിക്ക് ജലനിരപ്പ് 120.70 അടിയായിരുന്നു. പദ്ധതിപ്രദേശത്ത് കഴിഞ്ഞ ദിവസം നേരിയ മഴ മാത്രമാണ് ലഭിച്ചത്.





