അതിതീവ്ര മഴ: ഇടുക്കിയിൽ കെ.എസ്.ഇ.ബിക്ക് 20.56 ലക്ഷം രൂപയുടെ നഷ്ടം
ജില്ലയിൽ ജൂലൈ 30 മുതൽ ഓഗസ്റ്റ് 3 വരെ പെയ്ത അതിതീവ്ര മഴയിൽ വൈദ്യുതി വിതരണ ശൃംഖലയ്ക്ക് 20.56 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കെ.എസ്.ഇ.ബിയുടെ പ്രാഥമിക കണക്ക്. ജില്ലയിലെ നാല് വൈദ്യുതി ഡിവിഷനുകളിലുണ്ടായ നാശനഷ്ടങ്ങളാണ് വിലയിരുത്തിയത്.
പീരുമേട് ഡിവിഷനിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ പൊട്ടിവീഴുകയും ട്രാൻസ്‌ഫോർമറുകൾക്ക് തകരാർ സംഭവിക്കുകയും ചെയ്തതോടെയാണ് വലിയ നഷ്ടമുണ്ടായത്.
മഴക്കെടുതിയിൽ ജില്ലയിലാകെ 111 ട്രാൻസ്‌ഫോർമറുകളെ ബാധിച്ചു. 26,993 ഉപഭോക്താക്കളുടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 40 ഹൈടെൻഷൻ പോസ്റ്റുകളും 167 ലോടെൻഷൻ പോസ്റ്റുകളും തകർന്നു. കൂടാതെ 25 ഹൈടെൻഷൻ പോസ്റ്റുകളും 92 ലോടെൻഷൻ പോസ്റ്റുകളും ചെരിഞ്ഞ നിലയിലാണ്. 43 സ്ഥലങ്ങളിൽ ഹൈടെൻഷൻ ലൈനുകളും 693 സ്ഥലങ്ങളിൽ ലോടെൻഷൻ ലൈനുകളും പൊട്ടിവീണു.
ഒരു ട്രാൻസ്‌ഫോർമർ പൂർണമായും വെള്ളത്തിനടിയിലാകുകയും മറ്റൊന്ന് റോടിഞ്ഞ് നശിക്കുകയും ചെയ്തു. നിലവിൽ 1,423 ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം ഇനിയും പുനഃസ്ഥാപിക്കാനുണ്ട്. വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ ഊർജിത നടപടികൾ തുടരുകയാണെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
മരങ്ങൾ വെട്ടിമാറ്റിയാൽ നഷ്ടം കുറയ്ക്കാമെന്ന് ആക്ഷേപം
റോഡരികിൽ വൈദ്യുതി ലൈനുകൾക്കും പോസ്റ്റുകൾക്കും സമീപം അപകടകരമായി നിൽക്കുന്ന മരങ്ങളുടെയും ശിഖരങ്ങളുടെയും കൃത്യമായ പരിപാലനം നടത്തിയാൽ മഴക്കാല നാശനഷ്ടങ്ങൾ ഗണ്യമായി കുറയ്ക്കാനാകുമെന്ന വിലയിരുത്തലുണ്ട്. എന്നാൽ ഇത്തരം പ്രതിരോധ നടപടികൾ ആവശ്യമായ തോതിൽ നടപ്പാക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു.
പല സ്ഥലങ്ങളിലും അപകടഭീഷണിയിലുള്ള മരങ്ങൾ നീക്കം ചെയ്യാൻ വൈദ്യുതി ലൈനുകൾ താൽക്കാലികമായി മാറ്റേണ്ട സാഹചര്യമുണ്ടെങ്കിലും, അതിനാവശ്യമായ നടപടികൾ പലപ്പോഴും വൈകുന്നതായി പരാതിയുണ്ട്. മഴയ്ക്ക് മുമ്പ് നടത്തുന്ന ശിഖര വെട്ടലും പലപ്പോഴും അപര്യാപ്തമാണെന്നും, ഇതും വൈദ്യുതി ലൈനുകൾക്കും പോസ്റ്റുകൾക്കും നാശനഷ്ടമുണ്ടാകാൻ കാരണമാകുന്നതായും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.





