ബവ്കോയുടെ 20 രൂപ പ്ലാസ്റ്റിക് കുപ്പി റീഫണ്ട് പദ്ധതി അവസാനിപ്പിച്ചു
തിരുവനന്തപുരം: ബവ്കോയുടെ ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെ വാങ്ങി 20 രൂപ വീതം നൽകുന്ന 'ഡിപ്പോസിറ്റ് റീഫണ്ട്' പദ്ധതി ഔദ്യോഗികമായി അവസാനിപ്പിച്ചു. 2026 ഓഗസ്റ്റ് മുതൽ പദ്ധതി പൂർണമായും നിർത്തലാക്കാൻ ബവ്കോ മാനേജിംഗ് ഡയറക്ടർ ഉത്തരവിറക്കി.
പ്രായോഗിക ബുദ്ധിമുട്ടുകളാണ് പദ്ധതി അവസാനിപ്പിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. തിരക്കേറിയ ഔട്ട്‌ലെറ്റുകളിൽ ഒഴിഞ്ഞ കുപ്പികൾ സ്വീകരിച്ച് ക്യൂആർ കോഡ് പരിശോധിച്ച് റീഫണ്ട് നൽകേണ്ടത് ജീവനക്കാർക്ക് അധിക ജോലിഭാരമായി മാറിയിരുന്നു. കൂടാതെ, ശേഖരിക്കുന്ന കുപ്പികൾ സമയബന്ധിതമായി മാറ്റാൻ കഴിയാതിരുന്നതോടെ ഔട്ട്‌ലെറ്റുകളിലെ ഗോഡൗൺ സൗകര്യവും പ്രതിസന്ധിയിലായി.
മദ്യത്തിന്റെ പരമാവധി ചില്ലറവിലയ്ക്ക് (MRP) പുറമെ 20 രൂപ അധികമായി ഈടാക്കുന്നതിനെതിരെ ഉപഭോക്താക്കളിൽ നിന്ന് വ്യാപക പരാതികളും ഉയർന്നിരുന്നു. ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികൾ റീസൈക്ലിങ്ങിനായി കൊണ്ടുപോകാൻ അനുയോജ്യമായ കമ്പനികളെ ടെൻഡറിലൂടെ കണ്ടെത്താൻ സാധിക്കാതിരുന്നതും കൺസ്യൂമർഫെഡിന്റെ എതിർപ്പും പദ്ധതി തുടരുന്നതിന് തിരിച്ചടിയായി.
പദ്ധതി പ്രകാരം ഇതിനകം വിറ്റഴിച്ച പ്ലാസ്റ്റിക് മദ്യക്കുപ്പികൾ 2026 ഓഗസ്റ്റ് 20 വരെ ബന്ധപ്പെട്ട ബവ്കോ ഔട്ട്‌ലെറ്റുകളിൽ തിരികെ നൽകി 20 രൂപ റീഫണ്ട് നേടാം. എന്നാൽ ഓഗസ്റ്റ് 20-ന് ശേഷം പ്ലാസ്റ്റിക് കുപ്പികൾ ബവ്കോ സ്വീകരിക്കുകയോ റീഫണ്ട് നൽകുകയോ ചെയ്യില്ല.
തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ബവ്കോ ഔട്ട്‌ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി പിന്നീട് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ പ്രവർത്തനപരമായ പ്രതിസന്ധികൾ കണക്കിലെടുത്ത് പദ്ധതി പൂർണമായും ഉപേക്ഷിക്കാൻ ബവ്കോ തീരുമാനിച്ചു.





