വൈക്കത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശനം നടത്തി എംഎൽഎയും ജില്ലാ കളക്ടറും; ക്യാമ്പ് അംഗങ്ങൾക്കൊപ്പം ഉച്ചഭക്ഷണവും
വൈക്കം: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് വീടുകളിൽ വെള്ളം കയറി ദുരിതത്തിലായ കുടുംബങ്ങൾ കഴിയുന്ന വൈക്കം താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ വൈക്കം എംഎൽഎ കെ. ബിനിമോനും ജില്ലാ കളക്ടർ ചേതൻ കുമാർ മീണയും സന്ദർശിച്ചു.
വൈക്കം താലൂക്ക് ഓഫീസിൽ എംഎൽഎ കെ. ബിനിമോന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ, തഹസിൽദാർ, മുനിസിപ്പൽ ചെയർമാൻ എന്നിവരുടെ സാന്നിധ്യത്തിൽ അടിയന്തര യോഗം ചേർന്ന് മഴക്കെടുതി വിലയിരുത്തി. തുടർന്ന് കരിയാർ സ്പിൽവേ സന്ദർശിച്ച ജില്ലാ കളക്ടർ, നീരൊഴുക്ക് സുഗമമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വൈക്കം, വല്ലകം, ചെമ്പ്, നക്കംതുരുത്ത്, തോട്ടകം, തലയോലപ്പറമ്പ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച എംഎൽഎയും ജില്ലാ കളക്ടറും ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്തി. ക്യാമ്പുകളിലെ താമസക്കാരുമായി നേരിട്ട് സംസാരിച്ച ജില്ലാ കളക്ടർ അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കേൾക്കുകയും പരിഹാരത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു.
നക്കംതുരുത്ത് ക്യാമ്പിൽ ദുരിതബാധിതർക്കൊപ്പം ജില്ലാ കളക്ടർ ചേതൻ കുമാർ മീണയും എംഎൽഎ കെ. ബിനിമോനും ഉച്ചഭക്ഷണത്തിൽ പങ്കുചേർന്നത് ക്യാമ്പിലുള്ളവർക്ക് ആശ്വാസവും ആത്മവിശ്വാസവും പകർന്നു.
വൈക്കം താലൂക്കിൽ നിലവിൽ 19 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,351 പേരാണ് കഴിയുന്നത്.





