ബഹറിൻ വാദ്യകലാസംഘത്തിന്റെ സോപാന സംഗീതം ഭക്തിസാന്ദ്രമായി
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ ബഹറിൻ വാദ്യകലാസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സോപാന സംഗീതം ഭക്തിസാന്ദ്രമായി. കലാമണ്ഡപത്തിൽ അമ്പലപ്പുഴ വിജയകുമാറിന്റെയും ഗുരു സന്തോഷ് കൈലാസിന്റെയും നേതൃത്വത്തിൽ നടന്ന സോപാന സംഗീത ആലാപനത്തിൽ സ്ത്രീകൾ ഉൾപ്പെടെ 30 കലാകാരന്മാർ പങ്കെടുത്തു.
‘സോപാന സംഗീത പരിക്രമം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സോപാന സംഗീതാർച്ചന യാത്ര ഓഗസ്റ്റ് 8ന് മൂകാംബികയിൽ നിന്നാണ് ആരംഭിച്ചത്. കേരളത്തിലെ എട്ട് ജില്ലകളിലായി 24 ക്ഷേത്രങ്ങളിലാണ് സംഗീതയാത്ര സംഘടിപ്പിച്ചത്. ഓഗസ്റ്റ് 14ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ യാത്ര സമാപിക്കും.
കേരളത്തിന്റെ തനത് അനുഷ്ഠാന കലാരൂപമായ സോപാന സംഗീതത്തിന്റെ പ്രചാരണവും ഉന്നമനവുമാണ് പരിപാടിയുടെ ലക്ഷ്യം.ചടങ്ങിൽ തേരോഴി രാമക്കുറുപ്പ്, അമ്പലപ്പുഴ വിജയകുമാർ, സന്തോഷ് കൈലാസ്, കീഴൂർ മധുസൂദനക്കുറുപ്പ് എന്നിവരെ ആദരിച്ചു.





