വെള്ളക്കെട്ടൊഴിയാതെ കോട്ടയം നഗരം; കോടിമതയിലും ഈരയിൽക്കടവിലും ദുരിതം രൂക്ഷം
കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം നഗരമധ്യത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. കോടിമത, ഈരയിൽക്കടവ് ബൈപാസ് റോഡ്, കോടിമത ബോട്ട് ജെട്ടി, നാലുവരിപ്പാതയ്ക്ക് സമീപമുള്ള ഇടറോഡുകൾ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്.
എം.ജി റോഡിന് സമീപത്തെ തോട് നിറഞ്ഞുകവിഞ്ഞതോടെ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. കോടിമത പച്ചക്കറി മാർക്കറ്റിന് സമീപവും വെള്ളക്കെട്ട് രൂക്ഷമാണ്. വീടുകളും ആക്രിക്കടകളും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ വെള്ളത്തിനടിയിലായി.
മലിനജലം നിറഞ്ഞ പ്രദേശങ്ങളിലൂടെ നീന്തിയാണ് പല പ്രദേശവാസികൾക്കും വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും എത്തിപ്പെടേണ്ടിവരുന്നത്. കൊടൂരാറ്റിൽ നിന്നുള്ള കൈവഴിത്തോടിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതും പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നുണ്ട്.
കൊടൂരാർ കരകവിഞ്ഞൊഴുകിയതോടെ കോടിമത പച്ചക്കറി മാർക്കറ്റിന്റെ ഒരു ഭാഗവും വെള്ളത്തിലായി. കോടിമത പാലത്തിന് താഴെയുള്ള പ്രദേശങ്ങളും സമീപത്തെ വീടുകളും വ്യാപാരസ്ഥാപനങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്.
⚠️ റോഡിൽ മരത്തടികൾ; ഗതാഗതത്തിനും അപകടഭീഷണി
അതിനിടെ, എം.ജി റോഡിൽ അപകടഭീഷണി ഉയർത്തിയിരുന്ന തണൽമരം മുറിച്ചുമാറ്റിയെങ്കിലും മരത്തടികളും മറ്റ് അവശിഷ്ടങ്ങളും റോഡിൽ നിന്ന് നീക്കം ചെയ്യാത്തത് ഗതാഗതത്തിന് ഭീഷണിയാകുന്നു.
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.





