വിലക്കയറ്റത്തിൽ ഓണച്ചെലവ് കൂടും ; പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും തീപിടിച്ച വില
പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും പലവ്യഞ്ജനങ്ങൾക്കും വില കുതിച്ചുയർന്നതോടെ ഇത്തവണത്തെ ഓണാഘോഷം സാധാരണക്കാരുടെ കുടുംബബജറ്റിന് വലിയ ബാധ്യതയാകുന്നു. കനത്ത മഴയെ തുടർന്നുണ്ടായ കൃഷിനാശവും വിപണിയിലെ ലഭ്യതക്കുറവും ഇന്ധന-കൂലിച്ചെലവിലെ വർധനയുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണങ്ങളായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
അരി, പഞ്ചസാര, ശർക്കര, മല്ലി, മുളക്, പയർ, ഉള്ളി തുടങ്ങിയ പലവ്യഞ്ജനങ്ങൾക്ക് കിലോയ്ക്ക് അഞ്ച് മുതൽ പത്ത് രൂപ വരെ വർധനയുണ്ടായതായി വ്യാപാരികൾ പറയുന്നു. രണ്ടാഴ്ചയ്ക്കിടെ ചില ഉത്പന്നങ്ങൾക്ക് 30 ശതമാനം വരെ വില ഉയർന്നിട്ടുണ്ട്.
മട്ട വടി അരിക്ക് നേരത്തെ കിലോയ്ക്ക് 50 രൂപയായിരുന്നത് 58 രൂപയായി. മല്ലി 170ൽ നിന്ന് 200 രൂപയും ശർക്കര 65ൽ നിന്ന് 70 രൂപയും ജയ അരി 44ൽ നിന്ന് 47 രൂപയും ബസുമതി അരി 125ൽ നിന്ന് 130 രൂപയും പച്ചരി 42ൽ നിന്ന് 45 രൂപയുമായി. ഉണക്കപ്പയർ 95ൽ നിന്ന് 105 രൂപയും കാശ്മീരി മുളക് 420ൽ നിന്ന് 440 രൂപയും വെളുത്തുള്ളി 160ൽ നിന്ന് 240 രൂപയും വെളിച്ചെണ്ണ 290ൽ നിന്ന് 320 രൂപയുമായി ഉയർന്നു.
പച്ചക്കറിക്കും പൊള്ളുന്ന വില
പച്ചക്കറി വിപണിയിലും വിലക്കയറ്റം രൂക്ഷമാണ്. കാരറ്റ്, കാപ്സിക്കം, ചെറുനാരങ്ങ എന്നിവയ്ക്ക് കിലോയ്ക്ക് 100 രൂപയാണ് വില. ചേമ്പ്, തടപയർ എന്നിവയ്ക്ക് 90 രൂപയും ബീൻസ്, വള്ളിപ്പയർ, പച്ചമുളക് എന്നിവയ്ക്ക് 70 രൂപയും പാവയ്ക്ക, ബീറ്റ്‌റൂട്ട്, മാങ്ങ എന്നിവയ്ക്ക് 60 രൂപയുമാണ് നിലവിലെ വില.
തക്കാളി 45 രൂപ, സവാള 38, വെണ്ടയ്ക്ക 50, വെള്ളരി 30, മത്തങ്ങ 30, കുമ്പളം 30, വഴുതന 50, മുരിങ്ങക്കായ 50, ചേന 60, പടവലം 50, കിഴങ്ങ് 30 രൂപ എന്നിങ്ങനെയാണ് മറ്റ് പ്രധാന പച്ചക്കറികളുടെ വില.
പഴവിലയും ഉയരുന്നു
ലഭ്യത കുറഞ്ഞതോടെ വാഴപ്പഴങ്ങൾക്കും വില കുത്തനെ ഉയർന്നു. പാളയംകോടന് കിലോയ്ക്ക് 55 രൂപയാണ് നിലവിലെ വില. ഞാലിപ്പൂവൻ 90, ചുണ്ടില്ലാക്കണ്ണൻ 80, പൂവൻ 55, റോബസ്റ്റ 50, നേന്ത്രൻ 72, കാളി 45 രൂപ എന്നിങ്ങനെയാണ് മറ്റ് ഇനങ്ങളുടെ വില.
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ കാർഷികമേഖലയിൽ വലിയ നാശനഷ്ടമുണ്ടാക്കിയതും ഓണവിപണിയെ ബാധിച്ചിട്ടുണ്ട്. അതേസമയം, വില അൽപം കൂടുതലായാലും നാടൻ കാർഷിക ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് വ്യാപാരികൾ പറയുന്നു.
വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ 20 കോടി രൂപ അനുവദിക്കുകയും കുടുംബശ്രീ, ഹോർട്ടികോർപ്പ് എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2,000 ഓണച്ചന്തകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. റേഷൻ കടകൾ വഴിയുള്ള പ്രത്യേക അരി വിതരണവും ഓണക്കിറ്റ് വിതരണവും ഉൾപ്പെടെയുള്ള നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്.
എങ്കിലും കനത്ത മഴയ്ക്കൊപ്പം കൃഷിനാശം കൂടി രൂക്ഷമായാൽ വരും ദിവസങ്ങളിൽ ഓണവിപണിയിൽ വില ഇനിയും ഉയരാനുള്ള സാധ്യതയാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. സാധാരണക്കാരുടെ ഓണാഘോഷ ബജറ്റിന് ഇത് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.





