മീനച്ചിലാറിലെ തടസങ്ങൾ നീക്കി വെള്ളപ്പൊക്കത്തിന് പരിഹാരം കാണണം: ഫ്രാൻസിസ് ജോർജ് എംപി
കോട്ടയം: ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ രൂക്ഷമായ വെള്ളപ്പൊക്കക്കെടുതിക്ക് പരിഹാരം കാണാൻ യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടു. കോട്ടയം, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം മേഖലകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഗമണ്ണിൽ നിന്ന് ആരംഭിച്ച് 78 കിലോമീറ്റർ ദൂരം പിന്നിട്ട് വേമ്പനാട്ട് കായലിൽ പതിക്കുന്ന മീനച്ചിലാറിന് 38 പോഷകനദികളും 47 ഉപപോഷകനദികളുമുണ്ട്. ഇവിടങ്ങളിൽ എക്കൽ നീക്കം ചെയ്യാത്തതും മരങ്ങൾ വീണുകിടക്കുന്നതും പായൽ വളർന്നതും വെള്ളത്തിന്റെ ഒഴുക്കിന് വലിയ തടസമുണ്ടാക്കുന്നതായി എംപി പറഞ്ഞു.
വൈക്കം മേഖലയിലെ തോടുകളുടെയും സ്ഥിതി സമാനമാണ്. മരങ്ങൾ വെട്ടിമാറ്റിയും പായൽ നീക്കം ചെയ്തും ഒഴുക്കിലെ തടസം ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും. വേമ്പനാട്ട് കായലിലേക്ക് വെള്ളം ഒഴുകിയെത്തുന്ന ചെറുതും വലുതുമായ എല്ലാ നദികളിലെയും തടസങ്ങൾ അടിയന്തരമായി നീക്കി വെള്ളം എത്രയും വേഗം ഒഴുക്കിവിടണം. ഇതിലൂടെ ജനജീവിതം സാധാരണ നിലയിലാക്കാൻ നടപടി സ്വീകരിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
ഡി.സി.സി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ, എ.കെ. ജോസഫ്, ബിനു ചെങ്ങളം, സുമേഷ് കാഞ്ഞിരം, ഒളശ ആന്റണി, അജാസ് തച്ചാട്ട്, ജോർജ് കുട്ടി പണിക്കരോടം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റൂബി ചാക്കോ, തൽഹത്ത് അയ്യംകോയിക്കൽ, ലിസ്സി സണ്ണി, ഫൗസിയ കെ.എം., ചിന്നമ്മ പാപ്പച്ചൻ, ഷിബി വാഴയിൽ, അനൂപ് അറക്കൽ തുടങ്ങിയവർ എംപിയോടൊപ്പം സന്നിഹിതരായിരുന്നു.





