ഇടുക്കി രൂപതാ ആറാമത് മരിയൻ തീർത്ഥാടനം സെപ്റ്റംബർ 5ന്
സ്വാഗതസംഘം രൂപീകരിച്ചു; ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും
ഇടുക്കി: ഇടുക്കി രൂപതയുടെ ആറാമത് മരിയൻ തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സെപ്റ്റംബർ അഞ്ചിന് രാജാക്കാട് ക്രിസ്തുരാജാ പള്ളിയിൽ നിന്ന് രാജകുമാരി ദൈവമാതാ പള്ളിയിലേക്കാണ് കാൽനട തീർത്ഥാടനം സംഘടിപ്പിക്കുന്നത്.
തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾക്കായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. രാജാക്കാട് ക്രിസ്തുരാജാ പള്ളിയിൽ ചേർന്ന യോഗം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. രൂപതാ വികാരി ജനറാൾ മോൺ. അബ്രഹാം പുറയാറ്റ് ചെയർമാനും മോൺ. ജോസ് നരിതൂക്കിൽ ജനറൽ കൺവീനറുമായുള്ള സംഘാടക സമിതിയിൽ ഫാ. മാത്യു കരോട്ടുകൊച്ചറക്കൽ, ഫാ. ആന്റണി പനച്ചിക്കൽ എന്നിവർ കൺവീനർമാരാണ്. നൂറോളം പേരടങ്ങുന്ന വിവിധ കമ്മിറ്റികളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിനൊരുക്കമായ എട്ടുനോമ്പിനോടനുബന്ധിച്ചാണ് തീർത്ഥാടനം നടത്തുന്നത്. സെപ്റ്റംബർ 5 ശനിയാഴ്ച രാവിലെ 9.30ന് രാജാക്കാട് ക്രിസ്തുരാജാ പള്ളിയിൽ നിന്ന് തീർത്ഥാടനം ആരംഭിക്കും. ഇടുക്കി രൂപതയിലെ മുഴുവൻ വൈദികരും സമർപ്പിതരും വിവിധ ഇടവകകളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളും തീർത്ഥാടനത്തിൽ പങ്കെടുക്കും.
തീർത്ഥാടനം ഉച്ചയോടെ രാജകുമാരി തീർത്ഥാടന ദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന് തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി രാജകുമാരിയിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. തീർത്ഥാടകരായി എത്തുന്ന മുഴുവൻ വിശ്വാസികൾക്കും നേർച്ചക്കഞ്ഞി വിതരണം ചെയ്യും.
രൂപതയുടെ ആത്മീയ ഉണർവിനും പൊതുസമൂഹത്തിൽ നന്മയുടെ വളർച്ചയ്ക്കും മരിയൻ തീർത്ഥാടനം വഴിയൊരുക്കുമെന്ന് മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ഫാ. ജോബി മാതാളിക്കുന്നേൽ, ഫാ. ജിൻസ് കാരയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.





