കർക്കടകവാവ് ബലിതർപ്പണം: ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും വൻ തിരക്ക്
ഇടുക്കി: കർക്കടകവാവ് ബലിതർപ്പണത്തോടനുബന്ധിച്ച് ജില്ലയിലെ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും വൻ ഭക്തജനത്തിരക്ക്. ഇന്നലെ പുലർച്ചെ മുതൽ ജനസഹസ്രങ്ങളാണ് പിതൃപുണ്യം തേടി വിവിധ കേന്ദ്രങ്ങളിലെത്തിയത്. എള്ള്, പൂവ്, ഉണക്കലരി തുടങ്ങിയ പൂജാദ്രവ്യങ്ങൾ നറുക്കിലയിൽ പിതൃക്കൾക്ക് സമർപ്പിച്ച് പ്രണാമമർപ്പിച്ച ശേഷം വിശ്വാസികൾ ജലാശയങ്ങളിൽ മുങ്ങിനിവർന്നു. തുടർന്ന് ക്ഷേത്രദർശനം നടത്തിയാണ് മടങ്ങിയത്.
ലോ റേഞ്ചിലെയും ഹൈറേഞ്ചിലെയും വിവിധ ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പല ക്ഷേത്രങ്ങളിലും കർക്കടകവാവിനോടനുബന്ധിച്ച് പ്രത്യേക പൂജകളും തിലഹവനവും പിതൃനമസ്‌കാരവും ഉൾപ്പെടെയുള്ള വഴിപാടുകളും നടന്നു.
വിവിധ ക്ഷേത്രങ്ങളിൽ വിപുലമായ ചടങ്ങുകൾ
എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന് കീഴിലുള്ള ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ഗുരുദേവക്ഷേത്രത്തിൽ രാവിലെ അഞ്ചിന് മേൽശാന്തി വൈക്കം ബെന്നിശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. വിശേഷാൽ പൂജകൾ, പിതൃനമസ്‌കാരം, തിലഹവനം എന്നിവയും നടന്നു.
കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രത്തിൽ പുലർച്ചെ 4.30 മുതൽ ബലിതർപ്പണം ആരംഭിച്ചു. ക്ഷേത്രക്കടവിൽ പ്രത്യേക സൗകര്യങ്ങളും പിതൃശാന്തിക്കും പിതൃദോഷപരിഹാരത്തിനുമുള്ള വഴിപാടുകൾക്കായി അധിക കൗണ്ടറുകളും ഒരുക്കിയിരുന്നു. ഭക്തർക്കായി പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് പ്രസാദമൂട്ടും ഏർപ്പെടുത്തി.
അയ്യപ്പൻകോവിൽ പുരാതന ശ്രീധർമശാസ്താ ക്ഷേത്രത്തിൽ പുലർച്ചെ 5.30 മുതൽ ബലിതർപ്പണം നടന്നു. തുടർന്ന് ഔഷധക്കഞ്ഞി വിതരണവും തിലഹവനം, സായൂജ്യപൂജ തുടങ്ങിയ ചടങ്ങുകളും ഉണ്ടായിരുന്നു.
അടിമാലി ശാന്തിഗിരി ശ്രീമഹേശ്വരക്ഷേത്രത്തിൽ രാവിലെ ആറിന് ബലിതർപ്പണവും വിശേഷാൽ പൂജകളും ആരംഭിച്ചു. മേൽശാന്തി പ്രശാന്ത് ഗോപാൽ മുഖ്യകാർമികത്വം വഹിച്ചു. 6.30ന് ഗണപതിഹോമവും 7.30 മുതൽ തിലഹവനവും നടന്നു. ക്ഷേത്രം വക ഓഡിറ്റോറിയത്തിലും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
കാഞ്ഞാർ മഹാദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചിന് ബലിതർപ്പണം ആരംഭിച്ചു. എസ്.എൻ.ഡി.പി യോഗം അരിക്കുഴ ശാഖയിൽ മേൽശാന്തി രതീഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിലും തൊപ്പിപ്പാള ശാഖയിലെ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ ഷാജൻ തന്ത്രിയുടെ കാർമികത്വത്തിലും ചടങ്ങുകൾ നടന്നു.
മൂലമറ്റം ശാഖയിൽ കെ.കെ. കുമാരൻ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ അഞ്ചിന് ബലിതർപ്പണം നടന്നു. അടിമാലി മാങ്കടവ് ദേവീക്ഷേത്രത്തിലും രാവിലെ ആറിന് ബലിതർപ്പണത്തിനും വിശേഷാൽ പൂജകൾക്കുമായി സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
ഇടുക്കി ശ്രീധർമശാസ്താദേവി ഗുരുദേവക്ഷേത്രത്തിൽ എ.എസ്. മഹേന്ദ്രൻ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 5.30ന് ബലിതർപ്പണം നടന്നു. ബിനു പൂവള്ളിമഠം ശാന്തിയുടെ നേതൃത്വത്തിൽ പിതൃനമസ്‌കാരം, തിലഹവനം തുടങ്ങിയ വഴിപാടുകളും നടത്തി.
കോടിക്കുളം അഞ്ചക്കുളം ശ്രീമഹാദേവീക്ഷേത്രത്തിൽ രാവിലെ 5.30 മുതൽ ക്ഷേത്രാചാര്യൻ ചേർത്തല സുമിത്ത് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ചടങ്ങുകൾ നടന്നു. കരിമണ്ണൂർ ശാഖ ഗുരുമന്ദിരത്തിൽ രാവിലെ ആറിന് ബലിതർപ്പണം ആരംഭിച്ചു. നമസ്‌കാരം, കുടുംബാർച്ചന, ഗുരുപൂജ തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം കഞ്ഞി വിതരണവും നടത്തി.
തൊമ്മൻകുത്ത് നാല്പതേക്കർ ശാന്തിക്കാട് ദേവീക്ഷേത്രത്തിൽ തിരുവനന്തപുരം ശ്രീമംഗലം രാജീവ് പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ ആറിന് ബലിതർപ്പണം നടന്നു. ഭക്തർക്കായി ഔഷധക്കഞ്ഞിയും ഒരുക്കിയിരുന്നു. കോളപ്ര ചക്കളത്തുകാവ് ഉമാമഹേശ്വരക്ഷേത്രത്തിൽ രാവിലെ അഞ്ചിന് കർക്കടകവാവ് ബലിതർപ്പണം നടന്നു.
കാരിക്കോട് അണ്ണാമലനാഥർ മഹാദേവക്ഷേത്രത്തിൽ രാവിലെ 6.30നും പടി കോടിക്കുളം തൃക്കോവിൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രാവിലെ മുതലും ബലിതർപ്പണ ചടങ്ങുകൾ നടന്നു. പിതൃനമസ്‌കാരം, അടച്ചുനമസ്‌കാരം, തിലഹവനം, നമസ്‌കാരം ഊട്ട്, പിൻവിളക്ക് തുടങ്ങിയ വിവിധ പിതൃപൂജകൾക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു.





