ഓണത്തിന് മുന്നേ ചെറുനാരങ്ങ വില കുതിക്കുന്നു
ഇടുക്കി: ഓണം എത്തും മുമ്പേ ചെറുനാരങ്ങയുടെ വില കുത്തനെ ഉയർന്നത് ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും തിരിച്ചടിയായി. കഴിഞ്ഞ മാസം കിലോയ്ക്ക് 80 മുതൽ 90 രൂപ വരെയായിരുന്ന ചെറുനാരങ്ങയുടെ വില ഇപ്പോൾ 120 രൂപയായി ഉയർന്നു.
കർണാടകയിൽ നിന്നുള്ള നാരങ്ങയുടെ വരവ് കുറഞ്ഞതും തമിഴ്നാട്ടിൽ വില ഉയർന്നതുമാണ് ഇടുക്കിയിലെ വിപണിയെ പ്രധാനമായും ബാധിച്ചത്. കടുത്ത വേനലിനെ തുടർന്ന് ഉൽപ്പാദനം കുറഞ്ഞതും വില ഉയരാൻ കാരണമായതായി വ്യാപാരികൾ പറയുന്നു.
തമിഴ്നാട്ടിലെ പുളിയങ്കുടിയിൽ നിന്നെത്തുന്ന നാരങ്ങയ്ക്കാണ് വിപണിയിൽ കൂടുതൽ ആവശ്യക്കാർ. വലുപ്പം കൂടുതലുള്ളതും പെട്ടെന്ന് കേടാകാത്തതുമാണ് പുളിയങ്കുടി നാരങ്ങയുടെ പ്രത്യേകത. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ചെറുനാരങ്ങ ഉൽപ്പാദിപ്പിക്കുന്ന പ്രദേശങ്ങളിലൊന്നാണ് പുളിയങ്കുടി. ജ്യൂസ് വിപണിയിലും ഇതിന് വലിയ ആവശ്യമാണ്.
സാധാരണയായി ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ നാരങ്ങയുടെ വിലയിൽ കാര്യമായ വർധനവ് ഉണ്ടാകാറില്ല. എന്നാൽ ഇത്തവണ വില ഉയർന്നതോടെ ചെറിയ പെട്ടിക്കടകൾ മുതൽ ബേക്കറികൾ വരെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ നാരങ്ങാവെള്ളത്തിനും വില വർധിപ്പിക്കേണ്ട സാഹചര്യമുണ്ടായി.
നാരങ്ങയുടെ വിലവർധന കുടുംബശ്രീ ഉൾപ്പെടെയുള്ള ചെറുകിട അച്ചാർ നിർമാണ യൂണിറ്റുകളെയും പ്രതിസന്ധിയിലാക്കി. ഓണക്കാലത്ത് വിൽപ്പന വർധിക്കുമെന്ന പ്രതീക്ഷയിലായിരുന്ന യൂണിറ്റുകൾക്ക് ഉയർന്ന അസംസ്കൃത വസ്തു വില തിരിച്ചടിയായി. വില വർധിപ്പിച്ചാൽ വിൽപ്പന കുറയുമെന്ന ആശങ്കയിലാണ് കുടുംബശ്രീ പ്രവർത്തകർ





