വണ്ടൻമേട്ടിലെ ഇരട്ടക്കൊല: 12 വർഷത്തിന് ശേഷം പ്രതി കുറ്റക്കാരനെന്ന് കോടതി

വണ്ടൻമേട്ടിലെ ഇരട്ടക്കൊല: 12 വർഷത്തിന് ശേഷം പ്രതി കുറ്റക്കാരനെന്ന് കോടതി

തൊടുപുഴ: 12 വർഷം മുമ്പ് വണ്ടൻമേട്ടിൽ നാടിനെ നടുക്കിയ ഗർഭിണിയായ യുവതിയുടെയും നവജാതശിശുവിന്റെയും കൊലപാതകക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കട്ടപ്പന കടമാക്കുഴി സ്വദേശി മാത്യു ദേവസ്യ (63), തങ്കച്ചൻ, കുറ്റക്കാരനാണെന്ന് തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സനു എസ്. പണിക്കർ കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ഓഗസ്റ്റ് 18ന് പ്രഖ്യാപിക്കും.

2012 ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കടമാക്കുഴിയിലെ ഏലത്തോട്ടത്തിലെ സൂപ്പർവൈസറായിരുന്ന മാത്യു ദേവസ്യ, തോട്ടത്തിലെ തൊഴിലാളിയായ അമ്പിളിയുമായി അടുപ്പത്തിലാവുകയും യുവതി ഗർഭിണിയാകുകയുമായിരുന്നു. ഭാര്യയും മക്കളുമുള്ള പ്രതി, അമ്പിളി പ്രസവിച്ചാൽ ഉണ്ടാകാനിടയുള്ള കുടുംബപ്രശ്നങ്ങളും അപമാനവും ഭയന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രോസിക്യൂഷൻ കേസ്.

Slide 1
Slide 2
Slide 3
Slide 4

കൃത്യദിവസം കട്ടപ്പനയിൽ നിന്ന് പ്ലാസ്റ്റിക് കയറും പടുതയും വാങ്ങിയ പ്രതി ഓട്ടോറിക്ഷയിൽ ആനകുത്തിയിലെത്തി. തുടർന്ന് അമ്പിളിയെ വിജനമായ പാമ്പാടുംപാറ എസ്റ്റേറ്റിലെ കാപ്പിത്തോട്ടത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എട്ടുമാസം ഗർഭിണിയായിരുന്ന അമ്പിളിയെ കയറുപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നീലപടുതയിൽ പൊതിഞ്ഞ് കല്ലുകെട്ടി തോട്ടത്തിലെ കുളത്തിൽ താഴ്ത്തിയെന്നാണ് കേസ്.

പിടിയിലാകുമെന്ന ഭയത്തെ തുടർന്ന് പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.

ജനുവരി 14ന് കാപ്പിത്തോട്ടത്തിലെ കുളത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് വണ്ടൻമേട് പൊലീസ് നടത്തിയ പരിശോധനയിലാണ് പടുതയിൽ പൊതിഞ്ഞ നിലയിൽ അമ്പിളിയുടെയും പൊക്കിൾക്കൊടി വേർപെടാത്ത നവജാതശിശുവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

Slide 1
Slide 2
Slide 3
Slide 4

നേരിട്ടുള്ള ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷന് നിർണായകമായത്. ഡി.എൻ.എ പരിശോധനയിലൂടെ കൊല്ലപ്പെട്ടത് അമ്പിളിയാണെന്നും നവജാതശിശുവിന്റെ പിതാവ് പ്രതിയായ മാത്യു ദേവസ്യയാണെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

അന്നത്തെ കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ റെജി എം. കുന്നിപ്പറമ്പന്റെ നേതൃത്വത്തിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 32 സാക്ഷികളെ വിസ്തരിക്കുകയും 52 രേഖകളും 23 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ്.എസ്. സനീഷ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി.പ്രതിക്കുള്ള ശിക്ഷ സംബന്ധിച്ച വിധി ഓഗസ്റ്റ് 18ന് കോടതി പ്രഖ്യാപിക്കും.