ഡോ. ടി. കെ. ജയകുമാറിന്റെ ബൈപാസ് ശസ്ത്രക്രിയ വിജയകരം
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടും പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധനുമായ ഡോ. ടി. കെ. ജയകുമാറിന്റെ ബൈപാസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
പതിവ് പ്രഭാത വ്യായാമത്തിനായി നടക്കാനിറങ്ങിയതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളം ലിസ്യു ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ആൻജിയോഗ്രാമിൽ പ്രധാന രക്തക്കുഴലുകളിൽ ബ്ലോക്ക് കണ്ടെത്തിയതോടെയാണ് അടിയന്തര ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോ. ജയകുമാറിന്റെ താൽപര്യം. എന്നാൽ, ഗുരുസ്ഥാനീയനായ ഡോ. ജയകുമാറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നതിലുള്ള മാനസിക ബുദ്ധിമുട്ട് സഹപ്രവർത്തകരായ ഡോക്ടർമാർ അറിയിച്ചതോടെയാണ് എറണാകുളം ലിസ്യു ആശുപത്രിയിലെ പ്രശസ്ത കാർഡിയോതോറാസിക് സർജനുമായ പത്മശ്രീ ഡോ. ജോസ് ചാക്കോ പെരിയപുരം ശസ്ത്രക്രിയ ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
പതിനായിരക്കണക്കിന് ഹൃദ്രോഗികളുടെ ജീവൻ രക്ഷിക്കുന്നതിലും കോട്ടയം മെഡിക്കൽ കോളേജിനെ ഹൃദയ ശസ്ത്രക്രിയാ രംഗത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിലും ഡോ. ടി. കെ. ജയകുമാർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.





