പ്രണയബന്ധത്തെ എതിർത്തതിന് പിതാവിനെതിരെ വ്യാജ പോക്സോ കേസ്; 18 മാസം ജയിലിൽ, ഒടുവിൽ കോടതി വെറുതേവിട്ടു
കട്ടപ്പന: പ്രായപൂർത്തിയാകാത്ത മകളുടെ പ്രണയബന്ധത്തെ എതിർത്തതിന് മകൾ നൽകിയ പോക്സോ കേസിൽ 45കാരനായ പിതാവിന് 18 മാസം ജയിലിൽ കഴിയേണ്ടിവന്നു. ഒടുവിൽ കേസ് വ്യാജമാണെന്ന് കണ്ടെത്തിയ കോടതി കഴിഞ്ഞ മാസം 24ന് പിതാവിനെ കുറ്റവിമുക്തനാക്കി.
കട്ടപ്പന മേരികുളം സ്വദേശിയായ 45കാരനാണ് കേസിൽ പ്രതിയായത്. പിതാവിന്റെ നിരപരാധിത്വം തെളിയിക്കാൻ ഭാര്യയാണ് നിയമപോരാട്ടത്തിൽ മുന്നിട്ടിറങ്ങിയത്. കേസിനെ തുടർന്ന് 18 മാസം ജയിലിൽ കഴിയേണ്ടിവന്ന പിതാവ് കടുത്ത മാനസിക വ്യഥയും അനുഭവിച്ചു.
മകളുടെ പ്രണയബന്ധവും കാമുകനുമായുള്ള നിരന്തരമായ ഫോൺവിളികളും പിതാവ് ചോദ്യം ചെയ്തതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. ഇതിൽ പ്രകോപിതയായ പെൺകുട്ടി പിതാവിൽനിന്ന് പീഡനത്തിനിരയായെന്നാരോപിച്ച് പരാതി നൽകുകയായിരുന്നു. കാമുകന്റെ അങ്കണവാടി ജീവനക്കാരിയായ മാതാവ് മുഖേനയാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്.
ചൈൽഡ് ലൈൻ വിവരം ഉപ്പുതറ പൊലീസിന് കൈമാറിയതിനെ തുടർന്ന് പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കോടതിയിലും പെൺകുട്ടി പിതാവിനെതിരെ മൊഴി നൽകി. ജാമ്യാപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെട്ടതോടെ റിമാൻഡിൽ തുടരുകയായിരുന്നു.
ഇതിനിടെ പിതാവ് ജയിലിൽ കഴിയുമ്പോൾ പെൺകുട്ടിയെ കാണുന്നതിനായി കാമുകൻ രാത്രിയിൽ വീട്ടിലെത്തിയത് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. പിന്നീട് പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായതോടെ കാമുകനൊപ്പം പോകുകയും ചെയ്തു.
കാമുകനുമായുള്ള ബന്ധത്തെ പിതാവ് എതിർത്തതും വഴക്കുപറഞ്ഞതുമാണ് പരാതിക്ക് കാരണമെന്ന വാദം അംഗീകരിച്ചാണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ജി.ആർ. ബിൽകുൽ പിതാവിനെ കേസിൽനിന്ന് വെറുതേ വിട്ടത്.





