ചൊക്രമുടിയിലെ ഭൂമി വീണ്ടും നിയമ വിവാദത്തിൽ

റവന്യു വകുപ്പ് ഏറ്റെടുത്ത ഭൂമിക്ക് താൽക്കാലികമായി കരം സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്

ചൊക്രമുടിയിലെ ഭൂമി വീണ്ടും നിയമ വിവാദത്തിൽ

നീലക്കുറിഞ്ഞി പൂവിട്ട് ശ്രദ്ധേയമായ ചൊക്രമുടിയിലെ ഭൂമി വീണ്ടും നിയമവിവാദത്തിലേക്ക്. ബൈസൺവാലി വില്ലേജിൽപ്പെട്ട ചൊക്രമുടിയിൽ റവന്യു വകുപ്പ് നേരത്തെ ഏറ്റെടുത്ത രണ്ടേക്കറിലധികം ഭൂമിക്ക് താൽക്കാലികമായി ഭൂനികുതി (കരം) സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

വിധിയുടെ പകർപ്പ് ലഭിച്ച് പത്ത് ദിവസത്തിനകം ഭൂനികുതി സ്വീകരിക്കണമെന്നാണ് റവന്യു ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നിർദേശം. മൂന്നാർ ഇക്കാനഗർ സ്വദേശികളായ മൂന്ന് സഹോദരങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

Slide 1
Slide 2
Slide 3
Slide 4

ഹർജിക്കാരുടെ അമ്മയുടെ പിതാവിന് 1975-ൽ ലഭിച്ച പട്ടയഭൂമിയാണിത്. എന്നാൽ പട്ടയം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാണ് പട്ടയം നേടിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന്, ഈ ഭൂമി ഉൾപ്പെടെ ആകെ 13 ഏക്കർ 79 സെന്റ് സ്ഥലത്തിന്റെ പട്ടയം 2025 മാർച്ചിൽ റവന്യു വകുപ്പ് റദ്ദാക്കുകയും ഭൂമി ഏറ്റെടുക്കുകയും ചെയ്തിരുന്നു.

പട്ടയം റദ്ദാക്കിയ നടപടിക്കെതിരെ ഭൂവുടമകൾ ഇടുക്കി ജില്ലാ കലക്ടർക്ക് അപ്പീൽ നൽകിയിട്ടുണ്ട്. അപ്പീൽ നിലവിൽ കലക്ടറുടെ പരിഗണനയിലാണ്. ഇതിനിടെ നിലവിലെ കാർഷിക വായ്പകൾ പുതുക്കുന്നതിനായി ഭൂനികുതി അടയ്ക്കേണ്ടതുണ്ടെന്നും എന്നാൽ ബൈസൺവാലി വില്ലേജ് ഓഫീസർ കരം സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

സംസ്ഥാന സർക്കാർ, ഇടുക്കി ജില്ലാ കലക്ടർ, ദേവികുളം സബ് കലക്ടർ, ഉടുമ്പൻചോല തഹസിൽദാർ, ബൈസൺവാലി വില്ലേജ് ഓഫീസർ എന്നിവരെയാണ് എതിർകക്ഷികളാക്കിയത്.

Slide 1
Slide 2
Slide 3
Slide 4

ഹർജി പരിഗണിച്ച ഹൈക്കോടതി, ജില്ലാ കലക്ടറുടെ അപ്പീലിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ താൽക്കാലികമായി കരം സ്വീകരിക്കാനാണ് ഉത്തരവിട്ടത്.

Slide 1
Slide 2
Slide 3
Slide 4

അതേസമയം, റദ്ദാക്കിയ പട്ടയം കോടതി പുനഃസ്ഥാപിച്ചിട്ടില്ലെന്നത് റവന്യു വകുപ്പിന് ആശ്വാസമാണ്. എന്നാൽ ചൊക്രമുടിയിൽനിന്ന് നേരത്തെ ഒഴിപ്പിക്കപ്പെട്ട കൂടുതൽ പേർ സമാന ആവശ്യങ്ങളുമായി കോടതിയെ സമീപിക്കാൻ ഈ ഉത്തരവ് വഴിയൊരുക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

ഉത്തരവിന്റെ സർട്ടിഫൈഡ് പകർപ്പ് ലഭിച്ചിട്ടില്ലെന്നും ഹർജിക്കാർ ഹാജരാക്കിയ പകർപ്പിന്റെ അടിസ്ഥാനത്തിൽ സബ് കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ബൈസൺവാലി വില്ലേജ് ഓഫീസർ അറിയിച്ചു.